ടൈഗര്‍ നിശാശലഭം കാരണമാകുന്നുവെന്ന് കണ്ടെത്തല്‍

Friday 15 April 2016 9:35 pm IST

കോഴിക്കോട്: മഴക്കാല പകര്‍ച്ചപ്പനിയായ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയുടെ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നത് കൊതുകുകളല്ല മറിച്ച് ടൈഗര്‍ മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങള്‍ മൂലമുണ്ടാകുന്ന ലെപ്പിഡോപ്പ്‌ടെറിസമാണെന്ന് മിംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണ പഠനങ്ങള്‍ വ്യക്തമാക്കി. മിംസ് റിസര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. പി. ജെ. വില്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗവേഷണഫലങ്ങള്‍ പബ്ലിക് ലൈബ്രറി സയന്‍സ് (പ്ലോസ്) പ്രസിദ്ധീകരിക്കുന്ന പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 2007 ലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടുപിടിച്ചത്. 2008 ല്‍ ഈ വിഷയത്തില്‍ ഗവേഷണം ആരംഭിച്ചു. ചിറകുകളില്‍ കടുവയുടേതുപോലെയുള്ള മഞ്ഞയും കറുപ്പും രൂപങ്ങളുള്ള ടൈഗര്‍ നിശാശലഭം മൂലമുള്ള ഗുരുതരമായ ലെപ്പിഡോപ്‌ടെറിസം കൂടുതലായി കാണപ്പെടുന്നത് മഴക്കാലത്താണ്. കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍ക്ക് സമാനമാണിത്. അസോട്ട കാരികേ എന്നറിയപ്പെടുന്ന ടൈഗര്‍ നിശാശലഭമാണ് ഇതിന് അടിസ്ഥാന കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏഷ്യ മുതല്‍ പസഫിസ് ദ്വീപുകള്‍ വരെ വളരെ വ്യാപകമായി കണ്ടുവരുന്നതാണ് ടൈഗര്‍ നിശാശലഭം. ഇവ കേരളത്തിലെ കാലാവസ്ഥയില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ വളരെപെട്ടെന്ന് പെരുകുന്നതായി കാണപ്പെടുന്നു. പുറത്തുവരുന്ന നിശാശലഭങ്ങള്‍ കൊഴിച്ചുകളയുന്ന ശല്‍ക്കങ്ങളും സ്രവങ്ങളും മനുഷ്യരുടെ ത്വക്കുമായി സമ്പര്‍ക്കത്തിലാവുകയോ ശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും വ്യാപിക്കുകയും അതോടൊപ്പം വളരെ സങ്കീര്‍ണ്ണമായ രോഗാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ടൈഗര്‍ നിശാശലഭത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പനി പടര്‍ന്നുപിടിക്കുകയാണെങ്കില്‍ സാധാരണ പരിശോധനകള്‍ക്കൊപ്പം മോത്ത് ഐജിഇ അലേര്‍ജന്‍ പരിശോധനയും നിര്‍ബന്ധമാക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ശരിയായ രോഗ നിര്‍ണയത്തിനും ചികില്‍സക്കും വഴിതെളിക്കാന്‍ പുതിയ ഗവേഷണ കണ്ടെത്തലുകള്‍ സഹായിക്കും. പനിയുള്ള രോഗികള്‍ക്ക് ക്ലിനിക്കോ പത്തോളജിക്കല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സാധിക്കും. അത്തിവര്‍ഗത്തില്‍പ്പെട്ട പേരകം, തേരകം, തൊണ്ടി(ഹൈക്കസ് ഹിസ്പിഡ) എന്നീ പാഴ് മരങ്ങളില്‍ മുട്ടയിട്ട് അതിന്റെ ഇലകള്‍ ഭക്ഷണമാക്കിയാണ് ടൈഗര്‍ നിശാശലഭത്തിന്റെ ലാര്‍വകള്‍ പെരുകുന്നത്. ഇത്തരം മരങ്ങള്‍ ഒരു പ്രദേശത്തു നിന്ന് ഒഴിവാക്കിയാല്‍ നിശാശലഭങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. ശാസ്ത്ര ഗവേഷണത്തില്‍ കോര്‍പ്പറേറ്റ് മേഖലയിലെ ആശുപത്രികള്‍ സാധാരണഗതിയില്‍ പ്രാമുഖ്യം കൊടുക്കാറില്ലെങ്കിലും മിംസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ ആസ്റ്റര്‍ മിംസിന് സര്‍വ സജ്ജമായ ഗവേഷണ സംഘമുണ്ടെന്ന് ആസ്റ്റര്‍ മിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. രാഹുല്‍ മേനോന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര വ്യവസായ ഗവേഷണ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതാണ് മിംസ് റിസര്‍ച്ച് ഫൗണ്ടേഷനെന്ന് ഡയറക്ടര്‍ ഡോ. കാര്‍ത്തികേയവര്‍മ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.