കൊച്ചി: മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ പ്രധാനമന്ത്രി മുദ്രായോജനയിലൂടെ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയില്‍ വിതരണം ചെയ്ത് 4,727 കോടി. രാജ്യമെമ്പാടും വന്‍ വിജയമായ, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 1,32,954.73 കോടി രൂപ രാജ്യത്ത് വിതരണം ചെയ്തു. 34,88,0924 അപേക്ഷകളാണ് അംഗീകരിച്ചത്.
കേരളത്തിലും പദ്ധതിക്ക് മികച്ച പ്രതികരണമാണ്. 8,30,411 അപേക്ഷകള്‍ അംഗീകരിക്കുകയും 4,857.68 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതില്‍ 4,727.38 കോടി ഇതുവരെയായി വിതരണം ചെയ്തു. ഇടതുപക്ഷ സംഘടനകള്‍ ശക്തമായ കേരളത്തിലെ ബാങ്കിങ് മേഖലയില്‍ പദ്ധതി തകര്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഈ വിജയമെന്നതും ശ്രദ്ധേയമാണ്.
44.59 ലക്ഷം അപേക്ഷകളിലായി 16,469.43 കോടി രൂപ വായ്പ നല്കിയ കര്‍ണാടകമാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. രണ്ടാമതുള്ള തമിഴ്നാട് 15496.86 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (13,372.42 കോടി മൂന്നാമതും ഉത്തര്‍ പ്രദേശ് (11,880.93) നാലാമതുമാണ്. വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളാണ് പദ്ധതിയില്‍ പിന്നിലുള്ളത്. സിക്കിം (54.61), മിസോറാം (77.78), അരുണാചല്‍ പ്രദേശ് (71.62), നാഗാലാന്‍ഡ് (76.54) തുടങ്ങിയ സംസ്ഥാനങ്ങളാണ് പിന്നില്‍.
നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് 5.77 കോടി ചെറുകിട സംരംഭകരാണുള്ളത്. ഇതില്‍ നാല് ശതമാനത്തിന് മാത്രമേ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുള്ളു. ഈ സാഹചര്യത്തിലാണ് അസംഘടിത മേഖലയിലെ ചെറുകിട വാണിജ്യ വ്യവസായ സംരംഭങ്ങള്‍ക്ക് വായ്പ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതിക്ക് തുടക്കം കുറിച്ചത്. പന്ത്രണ്ട് കോടിയാളുകള്‍ക്കാണ് ചെറുകിയ വ്യവസായ മേഖല തൊഴില്‍ നല്‍കുന്നത്.
27 പൊതുമേഖലാ ബാങ്കുകള്‍, 17 സ്വകാര്യ ബാങ്കുകള്‍, 27 റീജ്യണല്‍ ഗ്രാമീണ ബാങ്കുകള്‍ എന്നിവക്ക് പുറമെ 25 മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമാണ് പദ്ധതിയിലൂടെ വായ്പ നല്കാന് യോഗ്യത നേടിയിട്ടുള്ളത്. കുറഞ്ഞ പലിശക്ക് ഈടില്ലാതെ വായ്പ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ശിശു (50000 രൂപ വരെ), കിഷോര്‍ (50000 മുതല്‍ അഞ്ച് ലക്ഷം വരെ), തരണ്‍ (അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ ) എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് വായ്പ നല്‍കുന്നത്.
ശിശു വിഭാഗത്തിലാണ് ഭൂരിഭാഗം പേരും വായ്പയെടുത്തിരിക്കുന്നത്. കേരളത്തില്‍ ഏഴ് ലക്ഷത്തിന മുകളിലാണ് ഇപ്രകാരം വായ്പ നേടിയവരുടെ എണ്ണം. ചെറുകിട വ്യവസായ മേഖലക്ക് പുതിയ ഊര്‍ജ്ജമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0484 2401378 എന്ന നമ്പറില്‍ കൊച്ചി നോഡല്‍ ഓഫീസുമായി ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: