അനധികൃത വാഹന പാര്‍ക്കിംഗില്‍ വീര്‍പ്പുമുട്ടി കാട്ടാക്കട ചന്ത

Friday 15 April 2016 11:31 pm IST

കാട്ടാക്കട: അനധികൃത വാഹന പാര്‍ക്കിംഗില്‍ വീര്‍പ്പുമുട്ടുകയാണ് കാട്ടാക്കട ചന്ത. കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാനെത്തുന്ന കര്‍ഷകരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ചന്തയ്ക്ക് ഉള്ളിലേക്ക് കടക്കാനാവാതെ ബുദ്ധിമുട്ടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് കാട്ടാക്കട ചന്ത. ഈ ദിവസങ്ങളില്‍ ചന്തയ്ക്ക് മുന്നിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളമാണ് സ്തംഭിക്കുന്നത്.
ചന്തയ്ക്ക് മുന്നില്‍ ഓട്ടോ സ്റ്റാന്റ് ഇല്ല. എന്നാല്‍ ചന്ത ദിവസം നിരവധി ഓട്ടോറിക്ഷകളും പെട്ടി ഓട്ടോകളും ചന്തയ്ക്ക് മുന്നില്‍ സ്ഥാനം പിടിക്കും. വഴിവാണിഭക്കാര്‍ കൂടി എത്തുന്നതോടെ കാട്ടാക്കട പട്ടണം ഗതാഗത കുരുക്കില്‍ നട്ടംതിരിയും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും പെടുന്നതും പതിവാണ്. ട്രാഫിക് നിയന്ത്രണത്തിനായി ചന്ത ദിവസങ്ങളില്‍ രണ്ട് പോലീസുകാരെ ഇവിടെ നിയോഗിക്കാറുണ്ട്. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍ പെട്ടാലും ഇവര്‍ കണ്ടഭാവം നടിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. കാട്ടാല്‍ ക്ഷേത്ര ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെയുള്ള റോഡിന് ഇരുവശവും അനധികൃത വഴിവാണിഭവും റോഡിലേക്ക് ഇറക്കിവച്ചുള്ള കച്ചവടങ്ങളും പൊടിപൊടിക്കുമ്പോള്‍ അധികൃതര്‍ക്ക് മൗനമാണ്. നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.


കാട്ടാക്കട ചന്തയ്ക്ക് മുന്നില്‍ അനധികൃത പാര്‍ക്കിംഗ് മൂലമുണ്ടായ
ഗതാഗത കുരുക്ക്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.