ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Saturday 16 April 2016 11:30 am IST

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ്കുമാറി(93)നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ദിലീപ്കുമാറിന് പനിയും ഛര്‍ദ്ദിയുമുണ്ടായെന്ന് ഡോ. ജലില്‍ പര്‍കാര്‍ പറഞ്ഞു. ന്യൂമോണിയയും അലട്ടുന്നുണ്ട്. 48 മണിക്കൂറിനുള്ളില്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലെങ്കില്‍ ഐസിയുവിലേക്ക് മാറ്റേണ്ടിവരും. ട്രാജഡികളുടെ ചക്രവര്‍ത്തിയെന്ന് അറിയപ്പെടുന്ന ദിലീപ് കുമാര്‍ 1922 ഡിസംബര്‍ 11ന് പാക്കിസ്ഥാനിലെ പെഷവാറിലാണു ജനിച്ചത്. അറുപതിലേറെ ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തെ 1994ല്‍ രാജ്യം ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി ആദരിച്ചു. മുഹമ്മദ് യൂസുഫ് ഖാനെന്ന ദിലീപ്കുമാര്‍ 1944ല്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് സിനിമയില്‍ അരങ്ങേറിയത്. ജ്വര്‍ ഭാട്ട ആയിരുന്നു ചിത്രം. 1998ല്‍ പുറത്തിറങ്ങിയ ഖിലാ ആണ് അവസാനം അഭിനയിച്ച ചിത്രം. അറുപത് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അംഗീകാരമായി കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1991ല്‍ പത്മഭൂഷണും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.