കാരക്കാടന്‍ വിനീഷ് അഥവാ ഒരു ദളിത് പാതിരാക്കൊലപാതകത്തിന്റെ കഥ

Sunday 17 April 2016 12:04 pm IST

കാരക്കാടന്‍ വിനീഷിനെ അറിയുമോ? നെറ്റി ചുളിക്കണ്ട. അറിയില്ലെന്നറിയാം. ഇസ്ലാമിനെ രക്ഷിക്കാന്‍ 257 നിരപരാധികളുടെ രക്തത്തില്‍ ആറാടിയ യാക്കൂബ് മേമന്‍ മാതൃകാ പുരുഷനായ, ദളിതനല്ലാത്ത രോഹിത് വെമുലയെ ദളിത് രക്തസാക്ഷിയാക്കി ആഘോഷിച്ച മതേതര മാധ്യമങ്ങള്‍ കാരക്കാടന്‍ വിനീഷിനെക്കുറിച്ച് നിങ്ങളോട് പറഞ്ഞിട്ടുണ്ടാവില്ല. ഇരയുടെയും വേട്ടക്കാരന്റെയും മതംനോക്കി വാര്‍ത്തകള്‍ ചുട്ടെടുക്കുന്ന മാധ്യമങ്ങള്‍ക്ക് കാരക്കാടന്‍ വിനീഷെന്ന ദളിത് യുവാവിന് ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കള്‍ നല്‍കിയ മരണശിക്ഷ നിഷ്പക്ഷ പത്രപ്രവര്‍ത്തനത്തിന് പുറത്താകുന്നത് സ്വാഭാവികം. മതരാജ്യം സ്വപ്നം കാണുന്ന മുസ്ലിം സംഘടനകള്‍ക്ക് പിന്നില്‍ അടിസ്ഥാന ജനവിഭാഗത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്ന സ്വയംപ്രഖ്യാപിത ദളിത് വക്താക്കള്‍ക്കും സാംസ്‌കാരിക നായകര്‍ക്കും താലിബാന്‍ കൊലപാതകത്തിലെ മൗനാചരണം ജീവിതോപാധിയുമാണ്. ആറ് വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2010 ഏപ്രില്‍ 17 ന് കെട്ടിടത്തിന് മുകളില്‍ നിന്നും റോഡിനഭിമുഖമായി തൂങ്ങിയ ഒരു ദളിത് ശരീരത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചയിലേക്കാണ് കണ്ണൂര്‍ അഴീക്കോട് പഞ്ചായത്തിലെ മൂന്നുനിരത്തില്‍ നാട്ടുകാര്‍ ഉറക്കമുണര്‍ന്നത്. നിര്‍മാണത്തൊഴിലാളിയായ കുന്നുംകൈയിലെ കാരക്കാടന്‍ വിനീഷെന്ന ദളിത് യുവാവിന്റെ മൃതദേഹമായിരുന്നു അത്. കോണ്‍ക്രീറ്റ് കെട്ടിടത്തിന് മുകളിലെ കമ്പിയില്‍ നിന്നും കാവിമുണ്ടില്‍ താഴേക്ക് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ ഞരമ്പുകള്‍ മുറിച്ചുമാറ്റിയ തരത്തില്‍ 24ഓളം മുറിവുകള്‍. തുറന്ന മുറിവുകള്‍ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം. മൃഗീയ മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തില്‍ വിനീഷ് താമസിച്ചിരുന്ന മുറിയിലും മൃതദേഹത്തിന് കീഴിലുള്ള ഓവുചാലിലും രക്തം തളം കെട്ടിക്കിടന്നിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ കൊലപാതകമെന്ന് വ്യക്തമാക്കുന്ന മനുഷ്യത്വം മരവിക്കാത്തവരെ പിടിച്ചുലയ്ക്കുന്ന കാഴ്ച. പോലീസെത്തി അന്വേഷണം ആരംഭിച്ചതോടെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നു. എന്നാല്‍ സംഭവത്തെ കൊലപാതകത്തില്‍ നിന്നും ആത്മഹത്യയുടെ വകുപ്പിലേക്ക് ചുരുക്കാനും ഇതേ പോലീസിന് സാധിച്ചു. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ 13 പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തു. മുസ്ലിം സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിനീഷിനെ മര്‍ദ്ദിച്ചെന്നും ഇതില്‍ മനംനൊന്ത വിനീഷ് ആത്മഹത്യ ചെയ്‌തെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ ആത്മഹത്യയാണെന്ന വാദം ദളിത് സംഘടനകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. മണിക്കൂറുകളോളം മതവിചാരണ നടത്തി ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ വിനീഷിനെ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ദളിത് നേതാക്കള്‍ പറയുന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് പ്രതികള്‍. ഇത് തന്നെ സംഘടന ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്ന് വ്യക്തമാക്കുന്നു. സംഭവം നടന്ന കെട്ടിടത്തിന് കുറച്ചകലെയുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ തലേ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പങ്കെടുത്തവരാണ് പ്രതികളെല്ലാവരും. ജോലിയുടെ സൗകര്യാര്‍ത്ഥമായിരുന്നു വിനീഷ് മൂന്നുനിരത്തിലെ വാടകകെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഏപ്രില്‍ 16ന് രാത്രി ഒന്‍പതിനും പത്ത് മണിക്കും ഇടയില്‍ മുറിയിലെത്തിയ പ്രതികള്‍ വിനീഷിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ അടിച്ചോടിച്ചാണ് പുലരും വരെ ക്രൂരമായി മര്‍ദ്ദിച്ചത്. കേസ് അട്ടിമറിക്കാന്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന സിപിഎമ്മിന്റെ ഒത്താശയും മതതീവ്രവാദ സംഘടനക്ക് ലഭിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സിപിഎമ്മിന്റെ എംഎല്‍എ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി. പിന്നീട് പ്രതിപ്പട്ടികയില്‍ നിന്നും ഇയാള്‍ ഒഴിവാക്കപ്പെട്ടു. സിപിഎമ്മിന്റെ പോപ്പുലര്‍ ഫ്രണ്ട് സ്‌നേഹം അവിടെയും തീര്‍ന്നില്ല. കേസ് അട്ടിമറിച്ചതിനെതിരെ പട്ടികജാതി ജനസമാജത്തിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പ് ചേര്‍ത്തത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ സമീപിച്ചിരുന്നു. 'വിഎസ്സിനെ വിനീഷ് തൂങ്ങി നില്‍ക്കുന്ന ഫോട്ടോ കാണിച്ചു. തലയില്‍ കൈ വെച്ച് ഇതാണോ ആത്മഹത്യയെന്നായിരുന്നു വിഎസ് പ്രതികരിച്ചത്. സിബിഐ വേണ്ട ഇവിടെത്തന്നെ ചുണക്കുട്ടികളുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും വിഎസ് ഉറപ്പ് നല്‍കി. ഇതനുസരിച്ച് കേസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കൈമാറി'. സമരത്തിന് നേതൃത്വം നല്‍കിയ പട്ടിക ജനസമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ വിവിരിക്കുന്നു. എന്നാല്‍ വിഎസ്സിന്റെ ഉറപ്പ് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ കീഴിലെത്തിയപ്പോള്‍ അട്ടിമറിക്കപ്പെട്ടു. ഡിവൈഎസ്പിയായിരുന്ന ഷൗക്കത്ത് അലിയെയായിരുന്നു ആദ്യം അന്വേഷണം ഏല്‍പ്പിച്ചത്. കൊലപാതകമെന്ന തരത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഷൗക്കത്ത് അലിയെ മാറ്റി. പിന്നീട് ആറ് ഡിവൈഎസ്പിമാര്‍ അന്വേഷണ ചുമതലയില്‍ വന്നു. നിര്‍ണായക ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ മാറ്റി പ്രതിഷ്ഠിച്ച് കോടിയേരി കേസ് കുഴിച്ചുമൂടി. പോപ്പുലര്‍ ഫ്രണ്ടുമായി കോടിയേരിക്ക് ബന്ധമുണ്ടെന്ന് അന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഒടുവില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിനീഷിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐക്ക് വിടുന്നതിനെ യുഡിഎഫ് സര്‍ക്കാരും എതിര്‍ക്കുകയാണ്. അന്വേഷണവും കോടതി നടപടികളും അനന്തമായി നീളുന്നതോടെ ആറ് വര്‍ഷം പിന്നിടുമ്പോഴും നീതിക്കായി കാത്തിരിക്കുകയാണ് വിനീഷിന്റെ കുടുംബം. ഒരു ദളിത് യുവാവിന്റെ ജീവനേക്കാള്‍ പ്രധാനമാണ് മതതീവ്രവാദികളുടെ വോട്ടെന്ന് ഭരണകൂടം തെളിയിച്ചു. അതിനേക്കാള്‍ അശ്ലീലമായിരുന്നു കേരളത്തിലെ സാംസ്‌കാരിക നായകരുടെ മൗനം. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ മോഷണക്കഥകള്‍ക്ക് പോലും ദളിത് വേട്ടയുടെ മാനം നല്‍കി കണ്ണീരൊഴുക്കുന്ന അഭിനവ ദളിത് സ്‌നേഹികള്‍ കാരക്കാടന്‍ വിനീഷിനോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പട്ടികജനസമാജം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പില്‍ സത്യഗ്രഹ സമരവും പ്രസ്‌ക്ലബ്ബില്‍ പൗരാവകാശ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ബി.ആര്‍.പി. ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍, ഗ്രോ വാസു, കെ. വേണു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും ഉറപ്പ് നല്‍കി. എന്നാല്‍ പരിപാടിക്കെത്തിയത് വേണു മാത്രം. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന സംശയമുണ്ടെന്ന് വേണു തുറന്ന് പറയുകയും ചെയ്തു. കണ്ണൂരില്‍ നടന്ന മറ്റൊരു പരിപാടിയില്‍ ഗീതാനന്ദനും എം.എന്‍. കാരശ്ശേരിയും പങ്കെടുത്തിരുന്നു. അഭിനവ ദളിത് വക്താക്കളായ ചിലര്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല പരിപാടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഒരു മുന്‍ നക്‌സല്‍ ദളിത്‌വാദിയെ മുത്തങ്ങ സമരനായകന്‍ കൈയേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. പരിപാടിയില്‍ നിന്നും വിട്ടുനിന്നതിനെക്കുറിച്ച് ഗ്രോ വാസുവിനോട് സംസാരിച്ചപ്പോള്‍ മുസ്ലിം സ്ത്രീയെ മോഹിച്ച വിനീഷ് കൊല്ലപ്പെടേണ്ടവനാണെന്നായിരുന്നു മറുപടിയെന്ന് സുനില്‍കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തിലും ഏതിലും ദളിത് വാദമുപയോഗിക്കുന്നവര്‍ എന്തുകൊണ്ടാകും കാരക്കാടന്‍ വിനീഷിന്റെ കുടുംബത്തിന് നീതി ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നത്? ഉത്തരം ലളിതമാണ്. മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ പോപ്പുര്‍ ഫ്രണ്ട് വെറുതെ വിടാറില്ലെന്നാണ് പ്രതികളിലൊരാള്‍ പോലീസിന് നല്‍കിയ മൊഴി. ഇവിടെ അധിക്ഷേപം എന്നുദ്ദേശിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീയെ പ്രണയിച്ചു എന്നതാണ്. ഇത് തന്നെയാണ് പലരെയും പിന്നോട്ടടിപ്പിക്കുന്നത്. ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങളുടെ എച്ചില്‍ തിന്നുന്നവര്‍ക്ക് ദളിത് സ്വത്തത്തെക്കാള്‍ പ്രധാനം മുസ്ലിം ഉമ്മത്താണ്. ഗ്രോ വാസുവും സിവിക് ചന്ദ്രനും ബി.ആര്‍.പി. ഭാസ്‌കറുമെല്ലാം ഇതിലെ കണ്ണികള്‍ മാത്രം. ദളിതരെ ക്കുറിച്ച് പറയണമെങ്കില്‍ അവര്‍ കൂടി ഉള്‍പ്പെടുന്ന ഹിന്ദുവിനെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കണം. അവര്‍ണനെന്നും സവര്‍ണനെന്നും വിഭജിക്കാന്‍ സാധിക്കണം. ദളിതരെ അപരിഷ്‌കൃതരെന്ന് മുദ്രകുത്താന്‍ സാധിക്കണം. കാരക്കാടന്‍ വിനീഷും ആറ്റിങ്ങലില്‍ പീഡിപ്പിക്കപ്പെട്ട ദളിത് പെണ്‍കുട്ടിയും ഇവര്‍ക്ക് പ്രതികരിക്കാതിരിക്കാനുള്ള വിഷയമാകുന്നത് തുടക്കത്തില്‍ പറഞ്ഞ വേട്ടക്കാരന്റെ മതമാണ്. ദളിത്-മുസ്ലിം ഐക്യമെന്ന മുദ്രാവാക്യം ജിഹാദികള്‍ ഏറ്റവുമധികം ഉയര്‍ത്തിയതും കേരളത്തിലാണ്. ഈ മുദ്രാവാക്യത്തിന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഒരു കാലത്ത് തീവ്ര ഇടതുപക്ഷത്തിന്റെ വക്താക്കളായിരുന്നവരുടെ ഇന്നത്തെ ലക്ഷ്യം. വിനീഷിന്റെ കൊലപാതകം മുസ്ലിം സംഘടനകളുടെ ദളിത് സ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചിത്രം കൂടി പുറത്തറിയിക്കുന്നു.