തൊഴിലാളി സംഘടനകളുടെ പത്തിന ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കും: കേന്ദ്രം

Saturday 16 April 2016 10:18 pm IST

ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പത്തിന ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നല്‍കി. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് അടുത്ത ദിവസം തന്നെ ഉത്തരവിറങ്ങുമെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്രമിശ്ര ബിഎംഎസ് പ്രതിനിധിസംഘത്തെ അറിയിച്ചു. പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ സപ്തംബറില്‍ അഖിലഭാരതീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തൊഴിലാളി സംഘടനകളുടെ പത്ത് ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ബിഎംഎസ് അടക്കമുള്ള പ്രമുഖ സംഘടനകള്‍ പണിമുടക്കില്‍ നിന്നും പിന്മാറിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ മന്ത്രിസഭാ സംഘം നല്‍കിയ ഉറപ്പുകള്‍ ഉടന്‍ നടപ്പാക്കി തുടങ്ങുമെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിഎംഎസിനെ അറിയിച്ചു. തൊഴില്‍ പരിഷ്‌ക്കരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും രാജ്യത്തെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കു എന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ട്. തൊഴില്‍, സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തൊഴിലാളി സംഘടനകളുടെ നിലപാടു കൂടി പരിഗണിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നൃപേന്ദ്രമിശ്ര പറഞ്ഞു. സ്വതന്ത്രഭാരതത്തിലെ ഏറ്റവും തൊഴിലാളി സൗഹൃദ സര്‍ക്കാരാണ് മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ. സജി നാരായണന്‍, ദേശീയ ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ, സോണല്‍ സംഘടനാ സെക്രട്ടറി പവന്‍ കുമാര്‍ എന്നിവര്‍ നൃപേന്ദ്രമിശ്രയുമായി കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.