ന്യൂദല്‍ഹി: രാജ്യദ്രോഹ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ സുരക്ഷ ദല്‍ഹി പോലീസ് വര്‍ദ്ധിപ്പിച്ചു. ദല്‍ഹി മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍നിന്ന് കഴിഞ്ഞ ദിവസം ഭീഷണിക്കത്തും നാടന്‍ തോക്കും കണ്ടെത്തിയിരുന്നു.
കശ്മീര്‍ ഗേറ്റ് ഐഎസ്ബിടിയില്‍ നിന്നും ജെഎന്‍യു കാമ്പസിലേക്കുള്ള ബസില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നവനിര്‍മ്മാണ്‍ സേനയുടെ ദേശീയ പ്രസിഡന്റ് അമിത് ജെയ്നിയാണ് കത്തും തോക്കും ബസിനുള്ളില്‍ വച്ചതെന്ന് പറയുന്നു. ഇയാള്‍ നേരത്തെ ഫേസ്ബുക്കിലൂടെയും കനയ്യ കുമാറിനെതിരെ ഭീഷണി മുഴക്കിയിരുന്നു.
ബസില്‍ ആളില്ലാതെ ബാഗ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ടക്ടറാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കത്തും തോക്കും കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് കനയ്യയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചത്. സര്‍വകലാശാല മേഖലയില്‍ പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: