മൂന്നാര്‍ കയ്യേറ്റം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Sunday 17 April 2016 3:31 pm IST

ന്യൂദല്‍ഹി: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൈയേറ്റമൊഴിപ്പിക്കല്‍ നിയമ വിരുദ്ധമാണെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുക്കന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ പറയുന്നു. റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യമുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ടു ചിന്നക്കനാലിലെ ക്ലൗഡ് നയന്‍, ആനവിരട്ടി വില്ലേജിലെ അബാദ് ഹോട്ടല്‍സ്, പള്ളിവാസലിലെ മൂന്നാര്‍ വുഡ്‌സ് എന്നീ റിസോര്‍ട്ടുകള്‍ പ്രത്യേക ദൗത്യസംഘം പൊളിച്ചു നീക്കിയിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ഭൂമിയേറ്റെടുത്ത ദൗത്യസംഘത്തിന്റെ നടപടികള്‍ ചോദ്യം ചെയ്തു റിസോര്‍ട്ടുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, റിസോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്നും വ്യക്തമാക്കി. ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനു നിയമാനുസൃതമായ നടപടികള്‍ കൈക്കൊള്ളാമെന്നും ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭൂസംരക്ഷണ, വന സംരക്ഷണനിയമങ്ങള്‍ പാലിച്ചാണു മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നു സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നു. പൊതുതാത്പര്യവും പരിസ്ഥിതിസംരക്ഷണവും കണക്കിലെടുത്താണു കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന ചട്ടം ലംഘിച്ചാണ് ഈ റിസോര്‍ട്ടുകളുടെ നിര്‍മാണം. ക്ലൗഡ് നയനുള്‍പ്പടെയുള്ള മൂന്നു റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഒഴിപ്പിക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.