രാമേശ്വരവും ഹനുമാനും

Sunday 17 April 2016 5:46 pm IST

കമ്പരാമായണത്തിലേതാണ് ഇക്കഥ. അണക്കെട്ടുനിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സര്‍വ്വരുടെയും നന്മക്കായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീരാമന്‍ നിശ്ചയിച്ചു. ചീഫ് എഞ്ചിനീയറായ നളനോട് കരിങ്കല്‍ ഒരു ക്ഷേത്രം പണിയാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശിച്ചു. ദേവശില്പിയുടെ പുത്രന്‍ മനോഹരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠയ്ക്കു മുഹൂര്‍ത്തവും നിശ്ചയിച്ചു. കൈലാസത്തില്‍ ചെന്ന് ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആഞ്ജനേയനോടു പറഞ്ഞു. വായുപുത്രന്‍ കൈലാസത്തിലേക്കു പാഞ്ഞു. എന്നാല്‍ മുഹൂര്‍ത്തസമയത്ത് ഹനുമാന് വിഗ്രഹവുമായി മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. മുഹൂര്‍ത്തം തെറ്റരുതല്ലോ. ശ്രീരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട പീഠത്തിനു മുന്നില്‍ചെന്ന് ധ്യാനനിരതനായി നിന്നു. ആ സമയത്ത് അവിടെയൊരു ദിവ്യചൈതന്യം ആവേശിച്ചു. പീഠത്തില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അങ്ങനെ പ്രതിഷ്ഠ കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹനുമാന്‍ വിഗ്രഹവുമായി എത്തിച്ചേര്‍ന്നു. പക്ഷേ പ്രതിഷ്ഠ കഴിഞ്ഞതുകൊണ്ട് ഹനുമാന്‍ കുണ്ഠിതപ്പെട്ടു. ഭക്തന്റെ കുണ്ഠിതം ഭഗവാനു സഹിക്കില്ലല്ലോ. സ്വയംഭൂശിവലിംഗം പീഠത്തില്‍ നിന്നളക്കിമാറ്റിയിട്ട് ഹനുമാന്‍ കൊണ്ടുവന്ന ലിംഗം പ്രതിഷ്ഠിക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അതിശക്തനായ ഹനുമാന്‍ എത്ര ശ്രമിച്ചിട്ടും ആദ്യശിവലിംഗം ഇളക്കാന്‍ കഴിഞ്ഞില്ല. വിഷണ്ണനായ മാരുതിയോട് കൊണ്ടുവന്ന വിഗ്രഹം ഈ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും മഹിമയ്ക്കുമായി കിഴക്കേ ഗോപുരത്തിന്റെ മുന്‍ഭാഗത്തു പ്രതിഷ്ഠിക്കാനാവശ്യപ്പെട്ടു. മാരുതി ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശ്രീരാമന്‍ അനുഗ്രഹിച്ചു. ''ഈ ശിവലിംഗം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം അകത്തുകയറി ക്ഷേത്രാധിപനായ ശിവലിംഗത്തെ ദര്‍ശിക്കുന്നവര്‍ക്ക് സകല അഭീഷ്ടവും സാധിക്കും'' ഇപ്പോള്‍ രാമേശ്വരത്ത് പോകുന്നവര്‍ക്ക് ഈ രണ്ടു ശിവലിംഗവും ദര്‍ശിക്കാം. വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തിന്റെ സൂചനയില്ല. എന്നാല്‍ അദ്ധ്യാത്മരാമായണം മുലഗ്രന്ഥകര്‍ത്താവ് രാമേശ്വരം സന്ദര്‍ശിച്ചിട്ടുണ്ടെന്നു വ്യക്തം. അതുകൊണ്ടാണ് ഇക്കഥയം കൂടി തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.