തലസ്ഥാനത്ത് വിജയക്കൊടി പാറിക്കാന്‍ ബിജെപി

Sunday 17 April 2016 7:35 pm IST

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം തീ പാറുമ്പോള്‍ ഇരുമുന്നണികളും അങ്കലാപ്പില്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ് 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2015ലെ തദ്ദേശതെരഞ്ഞെടുപ്പിലും ബിജെപി ജില്ലയില്‍ നേടിയ ജനപിന്തുണയാണ് എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ആശങ്കയിലാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 252 ജനപ്രതിനിധികളെയാണ് തിരുവനന്തപുരം ജില്ല ബിജെപിക്കു സമ്മാനിച്ചത്. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു. ആറ് സീറ്റുകളില്‍ നിന്നും 35 സീറ്റുകള്‍ ജയിച്ചുകയറിയാണ് ബിജെപി ഇരുമുന്നണികളെയും ഒരുപോലെ ഞെട്ടിച്ചത്. 35 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്കുപുറമെ ജില്ലയില്‍ 16 മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും രണ്ട് ബ്ലോക്ക് പഞ്ചായത്തംഗവും ഒരു ജില്ലാ പഞ്ചായത്തംഗവും 198 പഞ്ചായത്തംഗങ്ങളും ഇത്തവണ ജയിച്ചുകയറി. മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞത് മൂന്നരട്ടി മുതല്‍ ആറിരട്ടിവരെ വോട്ടുകളാണ് എല്ലാ നിയമസഭാമണ്ഡലങ്ങളിലും വര്‍ദ്ധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേമം മണ്ഡലത്തില്‍ ഒന്നാമതും, വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തും എത്തി. തലസ്ഥാനജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നേട്ടം ഏറെക്കുറേ എളുപ്പമാണ്. മറ്റ് ഒന്‍പത് മണ്ഡലങ്ങളില്‍ കുറച്ച് കൂടുതല്‍ അദ്ധ്വാനം വേണ്ടിവരും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന് അത് സാധ്യവുമാണ്. ബിഡിജെഎസിന്റെ ശക്തമായ സ്വാധീനം ജില്ലയില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നിലാണ്. നെയ്യാറ്റിന്‍കര, പാറശാല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, അരുവിക്കര, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ്. കോവളം, വര്‍ക്കല, വാമനപുരം മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ബിജെപിക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന നേമം മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് ജനകീയ നേതാവായ ഒ. രാജഗോപാലാണ്. 2011ല്‍ ഒ. രാജഗോപാല്‍ 43,661 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ 6415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി വിജയിച്ചത്. എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കഥ മാറി. രാജഗോപാലിന് നേമം മണ്ഡലം നല്‍കിയത് 18,046 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ഈ വോട്ടുകളുടെ കരുത്തിലാണ് രാജഗോപാല്‍ വീണ്ടും മത്സരിക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിച്ച തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലാടിസ്ഥാനത്തില്‍ ബിജെപി തന്നെയാണ് മുന്നിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 46,516 വോട്ടുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. ശിവന്‍കുട്ടി വീണ്ടും മത്സരിക്കുമ്പോള്‍ ആന്റണി രാജുവിന്റെ കാലു മാറലോടെ തിരുവനന്തപുരം സീറ്റ് നഷ്ടപ്പെട്ട വിഷമത്തില്‍ ജനതാദള്‍ (യു)വിലൂടെ സീറ്റിനായി മുന്നണി മാറിയ സുരേന്ദ്രന്‍ പിള്ളയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലൂടെ കേരളം മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എ കെ. മുരളീധരന്‍ യുഡിഎഫിനുവേണ്ടി വീണ്ടും മത്സരത്തിനിറങ്ങുമ്പോള്‍ രാജ്യസഭാ കാലാവധി കഴിഞ്ഞയുടന്‍ എംഎല്‍എ സ്ഥാനം മോഹിച്ചെത്തിയ ടി.എന്‍. സീമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13494 വോട്ടുകളാണ് ബിജെപി നേടിയതെങ്കില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ സ്വന്തമാക്കിയത് 43,589 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 32,864 വോട്ടുകള്‍ നേടിയ ബിജെപിക്ക് കുമ്മനത്തെപ്പോലൊരു ജനകീയ നേതാവിലൂടെ മണ്ഡലം അനായാസമായി ജയിച്ചുകയറാമെന്നാണ് വിലയിരുത്തല്‍. ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടമാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. തുടര്‍ച്ചയായി നാലാം വിജയം സ്വപ്‌നം കാണുന്ന എം.എ. വാഹീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് എല്‍ഡിഎഫിനുവേണ്ടി അങ്കത്തിനിറങ്ങുന്നത്. 2011ല്‍ ബിജെപിക്ക് വെറും 7508 വോട്ടു നല്‍കിയ മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയത് 41,289 വോട്ടുകളാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ 29,080 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ അടുത്തിടെ വിവാദ മാസ്റ്റര്‍ പ്ലാന്‍ വീണ്ടും നടപ്പാക്കാനൊരുങ്ങിയ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെയുള്ള പ്രതിഷേധവും മാസ്റ്റര്‍ പ്ലാനിനെതിരെ പ്രകടനം നടത്തിയ ബിജെപിക്കുനേരെ സിപിഎം നടത്തിയ ആക്രമണവും ഇരുമുന്നണികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. കാട്ടാക്കടയില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് ഒരിക്കല്‍കൂടി അങ്കത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറയാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. 2011ല്‍ കാട്ടാക്കടയില്‍ ആദ്യമായി കൃഷ്ണദാസ് മണ്ഡലത്തിലെത്തിയപ്പോള്‍ നേടിയത് 22,550 വോട്ടുകളായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 36,363 വോട്ടുകളാണ്. സ്പീക്കര്‍ എന്‍. ശക്തന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ഭാഗ്യം പരീക്ഷിക്കുമ്പോള്‍ ഐ.ബി. സതീഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വരവോടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. 2011ല്‍ 11,519 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത് 40,835 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 26,867 വോട്ടുകള്‍ നേടിയ ബിജെപിക്ക് ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശുഭപ്രതീക്ഷ നല്‍കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റിന്റെ പേരില്‍ ആക്ഷേപവിധേയനായ മന്ത്രി വി.എസ്. ശിവകുമാറാണ് യുഡിഎഫിനുവേണ്ടി രംഗത്തിറങ്ങുന്നത്. കോടതിയില്‍ തൊണ്ടിമാറ്റിയ കേസില്‍ ആരോപണവിധേയനാവുകയും അവസാനനിമിഷം മാണിഗ്രൂപ്പില്‍നിന്നും പുറത്തുചാടുകയും ചെയ്ത ആന്റണി രാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. (നാളെ: അരുവിക്കര മുതല്‍ വാമനപുരം വരെ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.