അമ്പലപ്പുഴ: അങ്കണവാടി കെട്ടിടത്തിന് വൈദ്യുതി നല്‍കില്ലെന്ന പഞ്ചായത്തിന്റെ പിടിവാശിമൂലം കൊടുംചൂടില്‍ വിയര്‍ത്തൊലിച്ച് ഇരുപത്തഞ്ചോലം കുരുന്നുകള്‍. പുറക്കാട് പഞ്ചായത്ത് വായനശാലയുടെ മുറിയില്‍ പ്രവര്‍ത്തിക്കുന്ന 80-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിലാണ് ഇരുപത്തിയഞ്ചോളം കുരുന്നുകള്‍ ചൂടില്‍ വിയര്‍ത്തൊലിക്കുന്നു.
ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും അങ്കണവാടികെട്ടിടം വയറിങ് ചെയ്ത് സൗജന്യമായി ഫാനും നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പഞ്ചായത്ത് എതിര്‍ത്തു. ഇവിടേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ സമ്മതിക്കില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് മൂലം പിഞ്ചുകുട്ടികള്‍ ദുരിതത്തില്‍ത്തന്നെ കഴിയുന്നു.
കഴിഞ്ഞ ഏഴുവര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി നവംബര്‍മാസത്തില്‍ പഞ്ചായത്ത് അനുമതിയോടെയാണ് വായനശാലയ്ക്കു പുറകിലെ മുറിയിലേക്ക് മാറ്റിയത്. കുട്ടികളുടെ ദുരിതത്തിന് അധികൃതര്‍ ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: