തൃശ്ശിവപുരി ദേവലോകമായി

Sunday 17 April 2016 10:01 pm IST

തൃശൂര്‍: മേടവെയില്‍ ചാഞ്ഞ പൂരസന്ധ്യയില്‍ തൃശ്ശിവപുരി ദേവലോകമായി. മുപ്പത്തിമുക്കോടി ദേവതകളും പ്രണമിച്ച് നില്‍ക്കുന്ന ശിവപെരുമാളിന് മുന്നില്‍ തട്ടകത്തെ ദേവീദേവന്മാര്‍ ആഘോഷപൂര്‍വം എഴുന്നള്ളിയെത്തി പ്രണാമമര്‍പ്പിച്ചു. ലോകത്തിന്റെ കാഴ്ചവട്ടങ്ങളത്രയും വടക്കുന്നാഥന്റെ പ്രദക്ഷിണവഴികളില്‍ സംഗമിച്ചു. ത്രിപുരസുന്ദരിയായ പാറമേക്കാവിലമ്മയും ശ്രീഭദ്രയായ തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരനടയില്‍ അഭിമുഖമായി നിന്നതോടെ ആകാശത്ത് മാരിവില്‍ വര്‍ണങ്ങളുടെ കുടമാറ്റമായി. കാലദേശാതിവര്‍ത്തിയായ പൂരപ്പെരുമയ്ക്ക് സാക്ഷ്യംവഹിക്കാന്‍ ഇന്നലെ തൃശ്ശിവപുരിയിലെത്തിയത് ജനലക്ഷങ്ങള്‍. കടല്‍കടന്നും ദേശാതിര്‍ത്തികള്‍ കടന്നും പൂരസ്‌നേഹികളും കലാസ്വാദകരും സാംസ്‌കാരിക നഗരിയിലെത്തിയപ്പോള്‍ തൃശൂര്‍പൂരത്തിന്റെ 220-ാമത് പൂരാഘോഷം വിവരണങ്ങള്‍ക്കതീതമായി. പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതം പകര്‍ന്ന തിരുവമ്പാടിയുടെ മഠത്തില്‍വരവിന് മേളകുലപതി അന്നമനട പരമേശ്വരമാരാര്‍ പ്രമാണം വഹിച്ചു. തിമിലയുടെ വലംതലപ്പെരുക്കങ്ങളില്‍ കാലങ്ങളഞ്ചും കടന്ന് വാദ്യാമൃതം ഒഴുകിനിറഞ്ഞപ്പോള്‍ കേട്ടുനിന്ന പുരുഷാരം ആവേശക്കടലിലായി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് ഘടകപൂരങ്ങള്‍ക്ക് തുടക്കമായത്. വടക്കുന്നാഥനെ വണങ്ങി തെക്കെഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് പുറത്തേക്ക് എഴുന്നള്ളിയതോടെ പനമുക്കംപിള്ളി ശാസ്താവിന്റെ പൂരം ശ്രീമൂലസ്ഥാനത്തെത്തി. തുടര്‍ന്ന് ഭഗവതിമാരുടെ വരവായി ചെമ്പൂക്കാവ്, അയ്യന്തോള്‍, ലാലൂര്‍, കാരമുക്ക്, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് ഭഗവതിമാര്‍ ഊഴമനുസരിച്ച് മഹാദേവനെ വണങ്ങി പ്രദക്ഷിണ വഴിയിലൂടെ തട്ടകത്തേക്ക് മടങ്ങി. മലയാളക്കരയിലെ എണ്ണംപറഞ്ഞ വാദ്യകലാകാരന്മാരും ഗജവീരന്മാരുമാണ് ഓരോ ഘടകപൂരങ്ങള്‍ക്കും ഒപ്പമെത്തിയത്. അകമ്പടിയായി തട്ടകങ്ങളിലെ ആയിരക്കണക്കിന് പുരുഷാരവും. പതിനൊന്നരയോടെ ബ്രഹ്മസ്വം മഠത്തില്‍ നിന്ന് തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍വരവ് ആരംഭിച്ചു. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി. ഉച്ചക്ക് പന്ത്രണ്ടിനായിരുന്നു പാറമേക്കാവ് ഭഗവതിയുടെ പുറപ്പാട്. മേടവെയില്‍ പൊന്നുരുക്കി ഒഴിച്ച് തിളക്കം തീര്‍ത്ത സ്വര്‍ണക്കോലത്തില്‍ പാറമേക്കാവ് പത്മനാഭന്റെ പുറത്തേറി പാറമേക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഈ സമയം പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ചെമ്പട മേളം അകമ്പടിയായി. ഉച്ചയ്ക്ക് രണ്ടരയോടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് പെരുവനത്തിന്റെ പ്രമാണത്തില്‍ തുടക്കമായി. ലോകത്തെ ഏറ്റവും വലിയ ഓര്‍ക്കസ്ട്ര എന്ന ബഹുമതിനേടിയിട്ടുള്ള ഇലഞ്ഞിത്തറ മേളത്തില്‍ മുന്നൂറോളം കലാകാരന്മാര്‍ അണിനിരന്നു. ഇലഞ്ഞിത്തറ മേളം സമാപിച്ചതോടെ തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ തെക്കോട്ടിറക്കമായി. തെക്കെഗോപുരനടയില്‍ ഭഗവതിമാര്‍ പതിനഞ്ചാനകളുടെ അകമ്പടിയോടെ അഭിമുഖം നിന്നതോടെ കുടമാറ്റം തുടങ്ങി. കാണികളായി ജനലക്ഷങ്ങളും. ഇരുവിഭാഗങ്ങളും രഹസ്യമായി തയ്യാറാക്കിയ വിസ്മയക്കാഴ്ചകള്‍ കുടമാറ്റത്തിന് കാണികളെ അമ്പരിപ്പിച്ചു. അനന്തശായിയായ മഹാവിഷ്ണു, നടരാജരൂപത്തിലുള്ള പരമശിവന്‍, താമരയില്‍ ഉണ്ണിക്കണ്ണന്‍, സരസ്വതി ദേവി, തുടങ്ങിയ രൂപങ്ങള്‍ കുടകളായി നിരന്നപ്പോള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ വരവേറ്റു. കുടമാറ്റം സമാപിച്ചതോടെ പൂരങ്ങളുടെ തനിയാവര്‍ത്തനത്തിന് തുടക്കമായി. ഇന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വടക്കുന്നാഥന് മുന്നിലെത്തി ഉപചാരംചൊല്ലി പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.