കനാല്‍ ജലം കുടിവെള്ളമാക്കാനുള്ള പദ്ധതിയില്‍ ആശങ്ക

Monday 18 April 2016 3:54 pm IST

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തിലെ ജനനിരപ്പ് കുറഞ്ഞതുമൂലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍അതോറിട്ടി കൊണ്ടുവന്ന ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് 135 അടിയായി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ തടാകത്തില്‍ നിന്നുള്ള പമ്പിംഗ് തടസപ്പെട്ടതോടെ പമ്പിംഗ് ഒരുവട്ടമായി കുറയ്ക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് കെഐപി കനാല്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ വാട്ടര്‍ അതോററ്റി തീരുമാനിച്ചത്. തടാകത്തിലെ ജലമെടുപ്പ് കുറച്ച് ഭാവിയില്‍ കെഐപി കനാല്‍ ജലത്തെ പൂര്‍ണമായി ആശ്രയിക്കാനാണ് വാട്ടര്‍ അതോറിട്ടി അധികൃതരുടെ പദ്ധതി. ഇതിനായുള്ള പ്രവര്‍ത്തനവുമായി വാട്ടര്‍ അതോറിട്ടി അധികൃതര്‍ മുന്നോട്ട് പോകുകയാണ്. ശാസ്താംകോട്ടയില്‍ കനാലിനോട് ചേര്‍ന്ന് താത്കാലിക പമ്പുഹൗസ് സ്ഥാപിച്ച് വെള്ളം ഫില്‍ട്ടര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് നഗരത്തിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം. എന്നാല്‍ ഈ പദ്ധതിയെ പറ്റി വിവിധ കോണുകളില്‍ നിന്നും ആശങ്കകളും ഉയര്‍ന്നിരിക്കുകയാണ്. സമീപവാസികളും അറവുശാലകളും മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി കെഐപി കനാല്‍ മാറിയിരിക്കുകയാണ്. മൃതശരീരങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്താറുണ്ട്. ഈ ജലം കുടിവെള്ളമാക്കിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വേനല്‍ കാലത്ത് മാത്രമാണ് കനാല്‍ ശൃംഖല വഴി ജലവിതരണം നടക്കുന്നത്. തെന്മല പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോള്‍ പലപ്പോഴും ജലവിതരണം തടസപെടാറുണ്ട്. സിനിമാ പറമ്പിന് തെക്കോട്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് നിലവില്‍ വെള്ളം തുറന്നുവിടുന്നത്. ഈ ജലം വിതരണത്തിനായി ശാസ്താംകോട്ടയില്‍ പമ്പ് ചെയ്‌തെടുത്താല്‍ അതിന് തെക്കോട്ടുള്ള ഭാഗങ്ങളെ കടുത്ത വരള്‍ച്ചയിലാക്കും. 30 വര്‍ഷത്തോളം പഴക്കമുള്ള കനാലുകള്‍ വഴി വെള്ളം നിരന്തരം തുറന്നുവിട്ടാല്‍ തകര്‍ച്ചയ്ക്ക് കാരണമാകുമോയെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കള്‍ക്ക് മേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ട് മാത്രമേ ഈ സംവിധാനം സ്ഥിരമായി പ്രാവര്‍ത്തികമാക്കുയെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. ആദ്യം കെഐപി അധികൃതരുമായി ധാരണയിലെത്തും. തുടര്‍ന്ന് ആവശ്യമായ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം മാലിന്യ നിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കും. തടാക സംരക്ഷണത്തിനായാണ് പദ്ധതി കൊണ്ടുവരുന്നതെന്നും ഇതില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും പ്രോജക്ട് എഞ്ചീനിയര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.