'എന്‍ഡിഎ കേരളത്തില്‍ ഒന്നാം ശക്തിയാകും'

Monday 18 April 2016 3:59 pm IST

ശാസ്താംകോട്ട: മൂന്നാംശക്തിയായി പ്രചരിക്കുന്ന എന്‍ഡിഎ സംഖ്യം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഒന്നാം ശക്തിയാകുമെന്ന് ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍.പത്മകുമാര്‍. എന്‍ഡിഎ കുന്നത്തൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മുഖത്തെന്നല്ല സ്വന്തം ഭാര്യമാരുടെ മുഖത്ത് പോലും നോക്കാന്‍ കഴിയാത്തവരാണ് കേരളത്തിലെ നിലവിലെ മന്ത്രിമാര്‍. ഇവര്‍ നാടിന് അപമാനമാണ്. അഴിമതിയും പെണ്‍വാണിഭവും നടത്തി അഞ്ചുകൊല്ലം തികച്ചെന്നുള്ള ഖ്യാതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മാത്രം അവകാശപ്പെട്ടതാണ്. എല്‍ഡിഎഫ് പറയുന്ന മുദ്രാവാക്യം ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാക്കുമെന്നാണ്. ഇതുവരെ നിങ്ങള്‍ വന്നിരുന്നല്ലോ. അന്ന് ഒന്നും ചെയ്യാത്ത നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യുമെന്ന മറുചോദ്യം ജനം ചോദിച്ച് തുടങ്ങിയതായും പത്മകുമാര്‍ പറഞ്ഞു. പിന്നാക്ക പട്ടിക വിഭാഗക്കാരെ പട്ടിണിയിലേക്ക് തള്ളിയിട്ടത് ഇടതുപക്ഷമാണ്. അവരെ ഉയര്‍ച്ചയിലേക്ക് എത്തിക്കാതെ വോട്ട് ബാങ്കാക്കി നിര്‍ത്തിയ ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഇന്ന് അവര്‍ തള്ളിപറയുകയാണ്. ദളിത്-പിന്നാക്ക സമൂഹം ഇന്ന് ബിജെപിക്കൊപ്പമാണ്. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് സ്വാന്തനമേകാനെത്തിയ പ്രധാനമന്ത്രിയെവരെ വിമര്‍ശിക്കുന്നവരാണ് കേരളത്തിലെ അഴിമതിക്കാരായ ഈ രാഷ്ട്രീയക്കാര്‍. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം എല്ലാ പ്രോട്ടോകോളുകളും ഉപേക്ഷിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ രണ്ടും കൈനീട്ടി കേരള ജനത സ്വീകരിച്ചതിലുള്ള വിറളിയാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ഡോ.പി.കമലാസനന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വക്താവ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.സോമരാജന്‍, കേരളാസാംബവര്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി ബാബു കുന്നത്തൂര്‍, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി മുളവനതമ്പി, എസ്എന്‍ഡിപി കുന്നത്തൂര്‍ യൂണിയന്‍ സെക്രട്ടറി ശ്രീലയം ശ്രീനിവാസന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.പ്രതാപന്‍, ഗ്രാമജില്ലാ കാര്യവാഹ് ആര്‍.ബാഹുലേയന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുജിത്ത് സുകുമാരന്‍, നളിനി ശങ്കരമംഗലം, ബി.ദിനചന്ദ്രന്‍, മുതുപിലാക്കാട് രാജേന്ദ്രന്‍, ഡി.സുരേഷ്, ജിതിന്‍ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.