നഗരത്തില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

Monday 18 April 2016 9:36 pm IST

ആലപ്പുഴ: വേനല്‍ കനത്തതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം.നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്. സാധാരണ അവസരങ്ങളില്‍ പോലും പ്രദേശത്ത് പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളമെത്തുന്നത് വളരെ കുറച്ചു സമയം മാത്രമായിരുന്നു. വേനല്‍ കൂടി ശക്തമായതോടെ കുടിവെള്ള പൈപ്പിലും വീടുകളിലേക്കെടുത്തിരിക്കുന്ന കണക്ഷനുകളിലും ജലം ലഭിക്കാത്ത അവസ്ഥയാണ്.ജില്ലാ കോടതി വാര്‍ഡില്‍ രണ്ടാഴ്ചയിലേറെയായി വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് ലൈനിലൂടെ കുടിവെള്ളമെത്തുന്നില്ല. പ്രദേശവാസികള്‍ കുഴല്‍ കിണര്‍ വെള്ളത്തെയും കുപ്പി വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആര്‍ഒ പ്ലാന്റുകളില്‍ നിന്നും വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണിവിടെ. വേനല്‍ ശക്തമായതോടെ ആര്‍ ഒ പ്ലാന്റുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ പത്തുലിറ്റര്‍ വെള്ളം ശേഖരിക്കാനാകുവെന്നതാണ് അവസ്ഥ. സ്റ്റേഡിയം വാര്‍ഡിലെ വിവിധ പ്രദേശങ്ങളിലും, ആലിശേരി വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥരോടു ജലക്ഷാമം സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയില്ല. റവന്യു വകുപ്പാണ് ജലക്ഷാമം അനുഭവപ്പെടുമ്പോള്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ കുടിവെള്ള വിതരണം നടത്തേണ്ടത്. തെരഞ്ഞെടുപ്പ് ചൂടിലായതോടെ റവന്യു അധികൃതര്‍ വേനല്‍ രൂക്ഷമായ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പിന്നോട്ടുപോയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഗരസഭയും നോക്കുകൂത്തിയായി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.