ശബരിമലയിലെ സ്ത്രീപ്രവേശനം : ആചാരങ്ങളുടെ ഭരണഘടനാ സാധുത പരിഗണിക്കുമെന്ന് സുപ്രീംകോടതി

Monday 18 April 2016 11:10 pm IST

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ആചാരങ്ങള്‍ പരിഗണിക്കുന്നതില്‍ ന്യായാധിപര്‍ക്കിടയില്‍ ഭിന്നത. ആചാരങ്ങളുടെ മഹത്വവും മറ്റു കാര്യങ്ങളും കോടതി പരിശോധിക്കില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞപ്പോള്‍ ചില ആചാരങ്ങള്‍ക്ക് ഭരണഘടനാ സാധുതയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. വിഷയത്തില്‍ കോടതി നിയമിച്ച അമിക്കസ്‌ക്യൂറിയായ രാജു രാമചന്ദ്രനാണ് ശബരിമലയിലെ സ്്ത്രീപ്രവേശനത്തിന് വേണ്ടി ശക്തമായി വാദിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. ആര്‍ത്തവത്തിന്റെ പേരില്‍ ശബരിമലയില്‍ പ്രവേശനം തടയുന്നത് അപകീര്‍ത്തികരമാണ്. ശബരിമലയിലെ പ്രതിഷ്ഠ മാത്രമാണ് നൈഷ്ഠിക ബ്രഹ്മചാരിയായിട്ടുള്ളതെന്നും രാജുരാമചന്ദ്രന്‍ വാദിച്ചു. എന്നാല്‍ ആരാധനാമൂര്‍ത്തിക്ക് ഒരു വിഭാഗത്തെ കാണാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പ്രവേശനം അനുവദിക്കണമെന്ന് വാശിപിടിക്കുന്നതെന്തിനെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അമിക്കസ്‌ക്യൂറിയോട് ചോദിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനായി വാദിക്കുന്നവര്‍ ഭരണഘടനാധിഷ്ഠിത സ്ത്രീപക്ഷവാദികളാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് നിരീക്ഷിച്ചു. കോടതി നിയോഗിച്ച മറ്റൊരു അമിക്കസ്‌ക്യൂറിയായ രാമമൂര്‍ത്തി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തരുതെന്ന് നിലപാട് സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും പത്തിനും 50നും ഇടയിലുള്ള സ്ത്രീകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുമുണ്ടെന്നും ഹാപ്പി റ്റു ബ്ലീഡ് എന്ന സംഘടനയ്ക്ക് വേണ്ടി ശബരിമലയിലെ സ്ത്രീപ്രവേശനവാദവുമായി രംഗത്തെത്തിയ അഭിഭാഷക ഇന്ദിര ജയ്‌സിങ് വാദിച്ചു. കേസില്‍ വെള്ളിയാഴ്ച വാദം തുടരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.