വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍

Tuesday 19 April 2016 9:14 pm IST

വാഗ: പാക് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൃപാല്‍ സിങ്ങിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജയിലില്‍ മനുഷ്യത്വഹീനമായ മര്‍ദ്ദനമാണ് കൃപാല്‍ സിങ്ങിന് നേരെയുണ്ടായതെന്നാണ് സൂചന. വാഗ അതിര്‍ത്തിയില്‍ കൃപാല്‍ സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹത്തിന്റെ അനന്തരവന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. മുഖത്തും ശരീരത്തും നിരവധി മുറിവുകള്‍ കാണുന്നുണ്ട്. കണ്ണുകളില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സത്യം പുറത്തുവരുവാനായി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ടെന്നും അനന്തരവന്‍ ആവശ്യപ്പെട്ടു. ജയിലില്‍ കൃപാല്‍ സിങ്ങിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്നതായി അദ്ദേഹത്തിന്റെ സഹോദരി പറഞ്ഞു. പാക്കിസ്ഥാനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 1992ല്‍ വാഗ അതിര്‍ത്തി കടന്നതിന്റെ പേരില്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത കൃപാല്‍ സിങ്ങിനെ ചാരനെന്ന് മുദ്രകുത്തി, വിവിധ കേസുകള്‍ ചുമത്തി 24 വര്‍ഷത്തോളമായി ലാഹോറിലെ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. ഈ മാസമാദ്യം ദുരൂഹ സാഹചര്യത്തില്‍ ജയിലില്‍ മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ബന്ധുക്കള്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ഹൃദയാഘാതം മൂലമാണ് കൃപാല്‍ സിങ് മരിച്ചതെന്നാണ് പാക്കിസ്ഥാന്റെ ഭാഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.