വാഗീശ്വരി കരുണാകരന്‍; കാമറകളുടെ ലോകത്തെ കുലപതി

Tuesday 19 April 2016 9:27 pm IST

വാഗീശ്വരി കാമറ
ഇന്‍സൈറ്റില്‍ കെ. കരുണാകരന്‍

ആലപ്പുഴ: അര നൂറ്റാണ്ടോളം ഇന്ത്യന്‍ കാമറാലോകം ഭരിച്ച മഹദ്‌വ്യക്തിത്വമായിരുന്നു വാഗീശ്വരി കരുണാകരന്‍. ആലപ്പുഴയിലെ ചെറിയ ഷെഡ്ഡില്‍ കരുണാകരന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഫീല്‍ഡ് കാമറകളാണ് പതിറ്റാണ്ടുകള്‍ മുമ്പ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പടമെടുക്കാന്‍ ഉപയോഗിച്ചിരുന്നത്. തേക്കിലും ആഞ്ഞിലിയിലും ഫ്രെയിമിട്ട്, പിച്ചള ചേര്‍ത്ത് രൂപപ്പെടുത്തിയ ഈ കാമറകളായിരുന്നു ഏറ്റവും മികച്ച ഫീല്‍ഡ് കാമറകള്‍. അവിചാരിതമായി രൂപം കൊണ്ടതാണ് വാഗീശ്വരി കാമറ വര്‍ക്‌സ്. 1946ലാണ് വാഗീശ്വരിയുടെ തുടക്കം. ഓച്ചിറക്കാരനായ കുഞ്ഞ്കുഞ്ഞ് എന്ന സംഗീതജ്ഞനായിരുന്നു കരുണാകരന്റെ അച്ഛന്‍. വീണ, ഹാര്‍മോണിയം, വയലിന്‍ എന്നിവ നിര്‍മിക്കുകയും നന്നാക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. വാഗീശ്വരി ഹാര്‍മോണിയം വര്‍ക്‌സ് എന്ന സ്ഥാപനവും നടത്തിയിരുന്നു.

ക്യാമറയുമായി കരുണാകരന്‍

ഹാര്‍മോണിയത്തിന്റെ ചുരുങ്ങുകയും നിവരുകയും ചെയ്യുന്ന ഭാഗമായ ബെല്ലോസ് കേടുവന്നാല്‍ മാറ്റിയിട്ടിരുന്ന കുഞ്ഞ്കുഞ്ഞിന്റെയടുത്ത് അവിചാരിതമായാണ് ഫീല്‍ഡ് കാമറയുടെ ബെല്ലോസ് നന്നാക്കാനെത്തിയത്. ആലപ്പുഴയില്‍ പത്മനാഭന്‍ നായര്‍ സ്റ്റുഡിയോ നടത്തിയിരുന്ന പത്മനാഭനായിരുന്നു കാമറ എത്തിച്ചത്. ദിവസങ്ങളെടുത്താണ് കുഞ്ഞ്കുഞ്ഞ് കാമറയുടെ ബെല്ലോസ് നിര്‍മിച്ചത്. പക്ഷേ, പണി തീര്‍ന്നപ്പോള്‍ അത് മുമ്പുണ്ടായിരുന്നതിനേക്കാളും മികച്ചതായി മാറി. ഇതോടെ അത്തരത്തിലൊരു കാമറതന്നെ നിര്‍മിക്കാനാവുമോയെന്ന് പത്മനാഭന്‍ നായര്‍ ചോദിച്ചു. അതിനു മറുപടിയായി പിറന്നുവീണതാണ് ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് കാമറ. അവിടെനിന്നു തുടങ്ങുന്നു വാഗീശ്വരി കാമറ കമ്പനിയുടെ ചരിത്രം.പത്താം ക്ലാസുകാരനായ കരുണാകരന്‍ കാമറ നിര്‍മിക്കാനുള്ള വെല്ലുവിളി കരുണാകരന്‍ ഏറ്റെടുത്തു. ഫിനിഷിങിലും ഗുണമേന്മയിലും വിദേശത്തുനിന്നു കൊണ്ടുവരുന്ന ഫീല്‍ഡ് കാമറകളേക്കാളും മികച്ചതായിരുന്നു കുഞ്ഞ്കുഞ്ഞും മകന്‍ കരുണാകരനും നിര്‍മിച്ച ആദ്യ ഇന്ത്യന്‍ ഫീല്‍ഡ് കാമറ.പിന്നീട് വിദേശ രാജ്യങ്ങളിലേക്ക് വാഗീശ്വരി കാമറകള്‍ കയറ്റി അയച്ചുതുടങ്ങി. 40 വര്‍ഷത്തോളമാണ് വാഗീശ്വരി കാമറ വര്‍ക്‌സ് ഫീല്‍ഡ് കാമറകള്‍ നിര്‍മിച്ചത്. യാഷിക്കയും മിനോള്‍ട്ടയും കോണിക്കയും കാനനും നിര്‍മിച്ച കൈയിലൊതുങ്ങുന്ന കാമറകള്‍ പ്രചാരത്തിലായ 1980കളുടെ അവസാനം വരെ ആയിരക്കണക്കിനു കാമറകളാണ് വാഗീശ്വരി പുറത്തിറക്കിയത്.ഏറ്റവുമവസാനം നിര്‍മിച്ച കാമറ വാങ്ങാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഒരു ഫോട്ടോഗ്രാഫറെത്തിയിരുന്നു. പ്ലാറ്റിനം ഫോട്ടോഗ്രഫി എന്ന പുതിയ സാങ്കേതികതയ്ക്കു വേണ്ടിയാണ് വാഗീശ്വരിയിലെ അവസാന കാമറ വാങ്ങിയത്. 300 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന പ്ലാറ്റിനം ഫോട്ടോകള്‍ എടുക്കുന്നതിന് മികച്ച ഫീല്‍ഡ് കാമറ തന്നെ വേണമെന്നതിനാലാണ് അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് ആലപ്പുഴയിലെത്തി വാഗീശ്വരി കാമറ സ്വന്തമാക്കിയത്. പതിനായിരക്കണക്കിനു ഫീല്‍ഡ് കാമറകളാണ് കരുണാകരന്റെ കൈകളിലൂടെ പിറന്നുവീണത്. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവുമധികം ഫീല്‍ഡ് കാമറകള്‍ നിര്‍മിച്ചത് ഇദ്ദേഹമാകും. അര്‍ഹിക്കുന്ന ഒരു അംഗീകാരവും ഇദ്ദേഹത്തെ തേടിയെത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.