എംസി റോഡ് വികസനം ഇഴഞ്ഞുനീങ്ങുന്നു: ചിങ്ങവനത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

Tuesday 19 April 2016 9:46 pm IST

ചിങ്ങവനം: എംസിറോഡ് വികസനം ഇഴഞുനീങ്ങുന്നതിനാല്‍ ചിങ്ങവനത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ചിങ്ങവനത്ത് നിര്‍മ്മിക്കുന്ന കലുങ്കിന്റെ ജോലികള്‍ ഇഴയുന്നതാണ് നിര്‍മാണത്തിന് തടസ്സമാകുന്നത്. എംസി റോഡില്‍ ചിങ്ങവനം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കുരുക്ക് ഏറെയുള്ളത്. കുരുക്ക് മുറുകുന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഇരുവശങ്ങളിലും ഉണ്ടാകുന്നത്. ഇത് വഴിയാത്രക്കാരെയും സമീപവാസികളേയും ഏറെ ദുരിതത്തിലാക്കുന്നുണ്ട്്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഉള്‍പ്പെടെ ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. കെഎസ്ടിപി റോഡ് വികസനത്തിനായി തിരക്കേറിയ ചിങ്ങവനത്ത് കലുങ്ക് പൊളിച്ചിട്ട് മാസങ്ങളായി. കുരുക്കുമൂലം ജനം ഏറെ കഷ്ടപ്പെടുമ്പോഴും പണി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. സെമിനാരിപ്പടി മുതല്‍ ഗോമതിക്കവല വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് കുഴിച്ചിട്ടിരിക്കുന്നതുമൂലം ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ കടന്നുപോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പരസ്പരം ഉരഞ്ഞ് വാക്കുതര്‍ക്കങ്ങളും ഇവിടെ പതിവാണ്. റോഡ് വികസനത്തിന് തടസ്സമായി ഇവിടെ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് വിവിധ കമ്പനികളുടെ കേബിളുകളാണ്. റോഡ് പണി നടക്കുന്നതിനിടയില്‍ അലക്ഷ്യമായി കുഴിച്ചിട്ടിരിക്കുന്ന കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ കമ്പനികള്‍ വിമുഖത കാട്ടുന്നതായാണ് കരാറുകാരുടെ പരാതി. എന്നാലിപ്പോള്‍ കലുങ്കിന്റെ കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കിടയില്‍ നിരന്നുകിടക്കുന്ന കേബിളുകള്‍ അതേപടി നിലനിര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കമ്പികള്‍ സ്ഥാപിച്ച നിലയിലാണ്. ഇതു ചപ്പുചവറുകള്‍ കേബിളുകളില്‍ തങ്ങിനിന്നു വെള്ളക്കെട്ടിനും ഇത് ഇടയാക്കുന്നുണ്ട്. കമ്പനികള്‍ യഥാസമയം വന്നെത്താത്തതിനാല്‍ തിരക്കേറിയ മാര്‍ക്കറ്റ് ജങ്ഷനിലെ കലുങ്ക് നിര്‍മാണത്തിനിടയില്‍ നിലവിലുള്ള കേബിളുകള്‍ അതേപടി കോണ്‍ക്രീറ്റിനുള്ളിലാക്കിയാണ് കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ കലുങ്കിനോടനുബന്ധിച്ചുള്ള റോഡ് നിര്‍മാണം തുടങ്ങിയതോടെ കേബിളുകള്‍ വീണ്ടും പണി നടക്കുന്നതിന് കാലതാമസം സൃഷ്ടിച്ചു. ഇതോടെ വീണ്ടും റോഡ് പണി നീണ്ടു പോകുന്ന സ്ഥിതിയാണ് ഉള്ളത്. കലുങ്ക് നിര്‍മാണം പൂര്‍ത്തീകരിക്കാതെ കിടക്കുന്നതുമൂലം തിരക്കില്‍പെട്ട് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റിരുന്നു. അപകടസാധ്യത ഏറിയ ഇവിടെ മാസങ്ങളായി നടന്നു വരുന്ന പണി എത്രയും വേഗംതീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.