പാലക്കാട് ജില്ല തിളയ്ക്കുന്നു; ചൂട് 42 ഡിഗ്രിയിലേക്ക്

Wednesday 20 April 2016 10:00 am IST

പാലക്കാട്: തിളയ്ക്കുന്ന വേനല്‍ച്ചൂടില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുകുകയാണ് പാലക്കാട് ജില്ല. കേരളത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 42 ഡിഗ്രി ചൂടിലേക്ക് ജില്ലയെത്തുന്നു. ഇന്നലെ മലമ്പുഴയില്‍ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെല്‍ഷ്യസാണ്. മലമ്പുഴയില്‍ ഇതു അഞ്ചാം തവണയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. 1987 ന് ശേഷം ആദ്യമായാണ് ചൂട് 41 ഡിഗ്രി കടക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മുണ്ടൂരില്‍ 40.5 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വേനല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജില്ലയില്‍ 40 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. തിങ്കളാഴ്ച മലമ്പുഴയില്‍ 40.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ദിവസങ്ങളായി മുണ്ടൂരിലെ താപനില 40 ഡിഗ്രിയില്‍ തുടരുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ഒന്നോ, രണ്ടോ തവണമാത്രമാണ് മുണ്ടൂരില്‍ ചൂട് 40 ഡിഗ്രി രേഖപ്പെടുത്തിയിട്ടുള്ളത്. പട്ടാമ്പിയില്‍ മാത്രമാണ് ചൂട് അല്‍പം താഴ്ന്നു നില്‍ക്കുന്നത്. കുറഞ്ഞ താപനിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാത്രിയും പതിവിലധികം ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ചൂടു കൂടാനാണ് സാധ്യതയെന്നു വിദഗ്ധര്‍ പറയുന്നു. ഈ വേനലില്‍ സൂര്യാതപമേറ്റ് ജില്ലയില്‍ ഇതുവരെ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 40ളം പേരാണ് സൂര്യാതപം മൂലം പൊള്ളലേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നത്. കത്തുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വെന്തുരുകുകയാണ്. കഴിഞ്ഞദിവസം പത്തിരിപ്പാലയില്‍ രണ്ട് പശുക്കള്‍ വെയിലേറ്റ് മരിച്ചു. വരുംദിവസങ്ങളിലും ചൂടുകൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. പാറക്കെട്ടുകളുടെയും മലകളുടെയും സാന്നിദ്ധ്യമുള്ള മേഖലകളില്‍ മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ചൂടനുഭവപ്പെടുന്നു. അതേ സ്വാഭാവഘടനയാണ് നഗരത്തിലേതും. വേനല്‍ക്കാല രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നു. പകല്‍ 11നും മൂന്നിനും ഇടയക്ക് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. വേനലില്‍ തൊഴിലുറപ്പു പദ്ധതിയുടെ സമയത്തില്‍ ജില്ലയില്‍ കളക്ടര്‍ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. നിര്‍ജ്ജലികരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും, അമിതമായി വെയിലേല്‍ക്കുന്നതും, നല്ലനിറമുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്തിടെ ജില്ലയിലെ ചിലഭാഗങ്ങളില്‍ ചെറിയതോതില്‍ മഴലഭിച്ചു എന്നതല്ലാതെ പുഴകളും,കുളങ്ങളും,കിണറുകളുമൊക്കെ വറ്റിയിരിക്കുകയാണ്.പലഭാഗങ്ങളിലും ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിക്കുന്നത്. വേനല്‍ മഴയില്‍ 42 ശതമാനം കുറവ് കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം വേനല്‍മഴയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ 42 ശതമാനം കുറവ്. മാര്‍ച്ച് മുതല്‍ മെയ് മാസംവരെ പെയ്യുന്ന മഴയാണ് വേനല്‍മഴയായി കണക്കാക്കുന്നത്. ഏപ്രില്‍ 13 വരെയുള്ള മഴ ലഭ്യതയില്‍ 42 ശതമാനം കുറഞ്ഞതായി കാലാവസ്ഥാവിഭാഗം അറിയിച്ചു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അഞ്ച് മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഇപ്പോള്‍ കൊച്ചിയിലെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞത് 27 ഡി്രഗി സെല്‍ഷ്യസും. വടക്കന്‍ ജില്ലകളില്‍ താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില. ഇവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി താപനില 40 ഡിഗ്രി സെല്‍ഷ്യസിലും അധികമായി. ഈ ജില്ലകളില്‍ കഴിഞ്ഞ രണ്ട് മാസമായി വേനല്‍മഴ പെയ്തില്ല. ഫെബ്രുവരിയില്‍ പെയ്ത ചെറിയ മഴക്കുശേഷം മഴ ലഭിച്ചിട്ടില്ല. മുപ്പത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. കാര്‍മേഘം മൂടിക്കിടക്കുന്നതാണ് താപനില ഉയരാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.