കഞ്ചാവുമായി യുവാവ് പിടിയില്‍

Wednesday 20 April 2016 10:20 am IST

കൊട്ടാരക്കര: 107 പൊതി കഞ്ചാവുമായി യുവാവിനെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി. പുനലൂര്‍ വാളക്കോട് പാറവിളയില്‍ ബിനോയി(34) നെയാണ് പിടികൂടിയത്. ഇന്നലെ വെളുപ്പിന് 12.30ഓടെ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ചെങ്കോട്ടയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് ഓട്ടോറിക്ഷയില്‍ കൊട്ടാരക്കര, കുന്നിക്കോട്, ചെങ്ങമനാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവന്നിരുന്നത്. ഒരുപൊതി കഞ്ചാവിന് 300 രൂപ നിരക്കിലാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും വിറ്റിരുന്നതെന്ന് എക്‌സൈസ് സിഐ പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളി എന്ന വ്യാജേന ഓട്ടോയില്‍ കറങ്ങി നടന്ന് കഞ്ചാവ് വലിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുത്തതായി പ്രതി എക്‌സൈസ് സംഘത്തിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ കഞ്ചാവുമായി 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും പെടും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.റോബര്‍ട്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, അന്‍സാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയകുമാര്‍, ഗോപകുമാര്‍, ഗിരീഷ് കുമാര്‍, സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍, സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.