വിള ഇന്‍ഷുറന്‍സ് പദ്ധതി: പരിരക്ഷ ലഭിക്കുന്നില്ലെന്ന് പരാതി

Wednesday 20 April 2016 9:14 pm IST

ആലപ്പുഴ: നഗരത്തിലെ കന്നിട്ടപ്പാടം ബണ്ടിനകം പാടശേഖരത്തിലെ കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിച്ചിട്ടില്ലെന്ന് കന്നിട്ടപ്പാടം ബണ്ടിനകം നെല്ലുല്‍പാദക സമിതി. 2013-14 വര്‍ഷങ്ങളിലെ തുലാവര്‍ഷക്കെടുതിയില്‍ കൃഷി പൂര്‍ണമായും നശിച്ചിട്ടും ഇന്‍ഷുറന്‍സ് പ്രീമിയം പൂര്‍ണമായും അടച്ച കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. നഷ്ടം നേരിട്ട കര്‍ഷകര്‍ ബന്ധപ്പെട്ട കൃഷിഭവനിലെ ഉദ്യോഗസ്ഥരെ നേരില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിച്ച് നഷ്ടം ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കാര്‍ഷികവിളകള്‍ നശിച്ചതിന്റെ ഫോട്ടോ ഉള്‍പ്പടെ നഷ്ടപരിഹാര അപേക്ഷയോടൊപ്പം പിആര്‍എസിന്റെ കോപ്പിസഹിതം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുള്ളതാണെന്ന് ഭാരവാഹികള്‍ പരാതിയില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ 16 ലോഡ് നെല്ലിന് മുകളില്‍വരെ സംഭരണം നടന്നിരുന്ന കന്നിട്ട ബണ്ടിനകം പാടത്ത് 2015ലെ രണ്ടാംകൃഷിയില്‍ കാലവര്‍ഷത്തില്‍ വിളവ് നഷ്ടപ്പെട്ടതു മൂലം നാലര ലോഡ് നെല്ല് മാത്രമാണ് സിവില്‍ സപ്ലൈസ് സംഭരിച്ചത്. മാര്‍ച്ച് 31ന് മുമ്പായി നഷ്ടപരിഹാരത്തുക നല്‍കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേല്‍ വര്‍ഷത്തെ രണ്ടാംകൃഷി ചെയ്യാന്‍ നിലം ഒരുക്കിയെങ്കിലും കൃഷിയിറക്കാന്‍ മാര്‍ഗമില്ലാതെ വരികയായിരുന്നെന്നും പാടശേഖര സമിതി കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.