101 ഷെഡ്യൂളുകളുമായി പാലാ ഡിപ്പോ: പുതിയ സര്‍വ്വീസുകള്‍ ഓടിക്കുവാന്‍ കഴിയാതെ അധികൃതര്‍

Wednesday 20 April 2016 10:13 pm IST

പാലാ: ജില്ലാ തലസ്ഥാനത്തിനുവെളിയില്‍ 101 ഷെഡ്യൂളുകളുള്ള ഡിപ്പോ ആയി പാലാ കെഎസ്ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡിലേക്ക്. ആധുനിക ബസ് സ്റ്റേഷന്‍ നിര്‍മ്മാണവും തകൃതിയായി നടക്കുകയാണ്. വിഷുകണിയായി കോര്‍പ്പറേഷന്‍ പാലാ ഡിപ്പോയ്ക്ക് അനുവദിച്ച രണ്ട് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുവാന്‍ കഴിയാതെ അധികൃതര്‍ വിഷമിക്കുകയാണ്. ആരോ കൊടുത്ത പരാതിയില്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത് തടയപ്പെട്ടതോടെയാണ് ബസുകള്‍ വെയിലേറ്റ് ഡിപ്പോയില്‍ വിശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ചൂണ്ടിക്കാട്ടിയാണ് സര്‍വ്വീസ് മുടക്കിയിരിക്കുന്നതെന്ന് പറയുന്നു. ജീവനക്കാരുടെ സംഘടനകളാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കാനാണ് പുതിയ ബസ്സുകള്‍ പാലാ ഡിപ്പോയ്ക്ക് അനുവദിച്ചത്. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ സ്വകാര്യബസ് റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരിക്കണമെന്നാണ് കോടതി ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കവെയാണ് തെരഞ്ഞെടുപ്പുചട്ടം ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍വ്വീസ് തടസ്സപ്പെടുത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബസ് റൂട്ടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ചട്ടം ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവും നിലവിലുണ്ടെന്ന് യാത്രക്കാരുടെ സംഘടനകളും പറയുന്നു. പാലാ-കോരുത്തോട്-എരുമേലി-കൊല്ലം റൂട്ടിലും, പാലാ-ഇളംകാട്, ഇളംകാട്-എറണാകുളം-അമൃത മെഡിക്കല്‍ കോളേജ് റൂട്ടിലും പുതിയ സര്‍വ്വീസ് അനുവദിച്ചുകൊണ്ടാണ് ബസുകള്‍ എത്തിച്ചത്. ഇതേ കാരണത്താല്‍ സംസ്ഥാനത്ത് 35-ല്‍പരം പുതിയ സര്‍വ്വീസുകള്‍ പുതിയ ബസുകള്‍ ഉണ്ടായിട്ടും ഓടിക്കുവാന്‍ കഴിയാതെ വന്‍തുക കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമാവുകയാണ്. വെളുപ്പിന് 4.30നും 5.30നും പൊന്‍കുന്നം, മുണ്ടക്കയം ഭാഗത്തേക്ക് സര്‍വ്വീസ് ലഭിക്കത്തക്കവിധമാണ് പുതിയ പെര്‍മിറ്റ് പാലാ ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ സര്‍വ്വീസ് ആരംഭിച്ച ഡിപ്പോയും പാലായാണ്. 25 പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. ഇവയെല്ലാം പുതിയ ബസുകളുമായാണ് സര്‍വ്വീസ് നടത്തിയത്. 400 മുതല്‍ 750 കി.മീ. വരെ ദൂരത്തേക്കുള്ളതാണ് ഭൂരിപക്ഷം സര്‍വ്വീസുകളും. പുതിയ സര്‍വ്വീസ് ആരംഭിച്ചതുവഴി നിരവധി തൊഴില്‍ അവസരങ്ങളും പാലാ ഡിപ്പോയില്‍ സൃഷ്ടിക്കപ്പെട്ടു. ദീര്‍ഘദൂര സര്‍വ്വീസ് പോകുന്ന ജീവനക്കാര്‍ ഒരു യാത്രക്ക് മൂന്ന് ഡ്യൂട്ടി ലഭിക്കുന്നുമുണ്ട്. 2011-ല്‍ വെറും 75 ഷെഡ്യൂളുകള്‍ മാത്രമാണ് പാലായില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയലാക്കോടെ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് തടസ്സം സൃഷ്ടിച്ചത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി നിര്‍ത്തി വയ്പ്പിച്ചതിനെതിരെ സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനുള്ള വക്കീല്‍ നോട്ടീസ് അധികൃതര്‍ക്ക് നല്‍കി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.