നാവികസേനയിലും വനിതകള്‍ക്ക് സ്ഥിരം നിയമനം

Wednesday 20 April 2016 10:16 pm IST

ന്യൂദല്‍ഹി: കര, വ്യോമ സേനകള്‍ക്ക് പിന്നാലെ നാവിക സേനയിലും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം നിയമനം ഏര്‍പ്പെടുത്തി. 2008-2009 കേഡറിലെ 7 വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് പെര്‍മനന്റ് കമ്മീഷന്‍ നല്‍കി ഉത്തരവിറങ്ങിയത്. തീരദേശ പട്രോളിംഗ് എയര്‍ക്രാഫ്റ്റുകളിലെ ദൗത്യങ്ങള്‍ക്കും വനിതാ നാവികസേനാംഗങ്ങളെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ യുദ്ധക്കപ്പലുകളിലെ സേവനങ്ങള്‍ക്ക് വനിതകളെ ഉപയോഗിക്കുന്നതു സംബന്ധിച്ച നിലപാട് ഇതുവരെ ആയിട്ടില്ല. കരസേനയിലും വ്യോമസേനയിലും പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച 340 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. കരസേനയില്‍ 1436, വ്യോമസേനയില്‍ 1331, നാവികസേനയില്‍ 532 എന്നിങ്ങനെയാണ് രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളിലെയും വനിതകളുടെ എണ്ണം. അടുത്തിടെയാണ് വ്യോമസേന യുദ്ധവിമാനങ്ങളിലേക്ക് വനിതാ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയത്. എന്നാല്‍ അതിര്‍ത്തിയിലെ യുദ്ധ മേഖലകളിലേക്ക് വനിതാ ഉദ്യോഗസ്ഥരെ അയക്കുന്നത് സംബന്ധിച്ച് കരസേന ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ശത്രുവിന്റെ പിടിയിലാകുന്ന അപകടകരമായ സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുത്താണ് യുദ്ധമേഖലകളില്‍ നിന്നും വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കി നിര്‍ത്തുന്നത്. എന്നാല്‍ അര്‍ദ്ധസൈനിക വിഭാഗമായ ബിഎസ്എഫ് പ്രശ്‌നരഹിത അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ വനിതകളെ നിയോഗിക്കുന്നുണ്ട്. നാവികസേനയിലെ വിദ്യാഭ്യാസം, നിയമം, കാലാവസ്ഥ, എയര്‍ട്രാഫിക് കണ്‍ട്രോള്‍, ചരക്ക്, നിരീക്ഷണം, തീരനിരീക്ഷണം, നേവല്‍ കണ്‍സ്ട്രക്ടര്‍ എന്നീ മേഖലകളിലാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. 51 വനിതാ ഉദ്യോഗസ്ഥര്‍ തീരദേശ നിരീക്ഷണ ചുമതലയുള്ള എയര്‍ക്രാഫ്റ്റുകളിലുണ്ട്. 2017 മുതല്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് തീരദേശ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളിലേക്കോ നാവിക യുദ്ധ വിഭാഗത്തിലേക്കോ പ്രത്യേകമായി തെരഞ്ഞെടുത്ത് പരിശീലനം നേടാന്‍ സൗകര്യമുണ്ടെന്നും നാവിക സേന അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.