ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി; കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍

Thursday 21 April 2016 11:32 pm IST

നൈനിറ്റാള്‍/ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. ഈ മാസം 29ന് ഹരീഷ് റാവത്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് രാവിലെ സുപ്രീംകോടതി പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. 28 എംഎല്‍എമാര്‍ ബിജെപിക്കും 27പേര്‍ കോണ്‍ഗ്രസിനുമുണ്ട്. സ്വതന്ത്രരായ ആറ് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ റാവത്ത് സര്‍ക്കാര്‍ നിലംപതിക്കും. കോണ്‍ഗ്രസിലെ വിമതര്‍ എതിര്‍വോട്ട് ചെയ്ത് ബജറ്റ് പാസാവാതെ വന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 27നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. രാഷ്ട്രപതിഭരണം ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയിലെ 'പ്രത്യേക ബെഞ്ചില്‍' കേസെത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉത്തരാഖണ്ഡില്‍ നിന്നും ഉയരുന്നുണ്ട്. തീരുമാനത്തിന് രാഷ്ട്രപതി പരിഗണിച്ച രേഖകള്‍ പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി രാഷ്ട്രപതിഭരണം റദ്ദുചെയ്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ റാവത്ത് സര്‍ക്കാരിനെതിരെ തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ പ്രതിസന്ധി ഉടലെടുത്തത്. ഇവര്‍ ബിജെപിയുടെ പിന്തുണയും തേടി. 70 അംഗ സഭയില്‍ കോണ്‍ഗ്രസിന് ഒന്‍പതു വിമതര്‍ അടക്കം 36 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ബിജെപിക്ക് 28 എംഎല്‍എമാരും. സ്വതന്ത്രരും മറ്റു പാര്‍ട്ടിക്കാരുമായ ആറ് എംഎല്‍എമാരുമുണ്ട്. ഒന്‍പതു പേര്‍ തിരിഞ്ഞതോടെ റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. വിമതര്‍ 28 ബിജെപി അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമവും ആരംഭിച്ചിരുന്നു. അതിനിടെ, രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യതയെന്ന ഗവര്‍ണ്ണറുടെ റിപ്പോര്‍ട്ടിന്മേല്‍, പ്രതിസന്ധി രൂക്ഷമായതോടെയാണ് കേന്ദ്രം രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് റാവത്ത് ഹൈക്കോടതിയെ സമീപിച്ചത്. കൂറുമാറിയ ഒന്‍പത് എംഎല്‍എമാര്‍ക്ക് എതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു. റാവത്ത് സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കണമെന്നും ചീഫ് ജസ്റ്റീസ് കെ.എം. ജോസഫും ജസ്റ്റീസ് വി.കെ. ബിഷ്ടും പറഞ്ഞു. ഭരണഘടനയുടെ 356-ാം വകുപ്പ് അവസാന മാര്‍ഗമായി മാത്രമേ ഉപയോഗിക്കാവൂയെന്നും കോടതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.