കാട്ടാക്കടയില്‍ കോടികളുടെ കുംഭകോണം: പി.കെ. കൃഷ്ണദാസ്

Friday 22 April 2016 12:21 pm IST

വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടന്നത് വികസനമല്ല കോടികളുടെ കുംഭകോണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ്. സര്‍ക്കാര്‍ ഫണ്ട് മണ്ഡലത്തില്‍ ചെലവഴിക്കാതെ തിരിമറിയും അഴിമതിയും നടത്തിയതായും കൃഷ്ണദാസ് ആരോപിച്ചു. കാട്ടാക്കട പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണിയാലൊടുങ്ങാത്ത കോടികള്‍ മണ്ഡലത്തില്‍ ചെലവഴിച്ചു എന്നാണ് സിറ്റിംഗ് എംഎല്‍എ അവകാശപ്പെടുന്നത്. എന്നാല്‍ എംഎല്‍എ പറയുന്ന കോടികളില്‍ പകുതി തുകയുടെ വികസനം പോലും മണ്ഡലത്തില്‍ നടന്നിട്ടില്ല. അതിനര്‍ത്ഥം ഈ പണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരും അടങ്ങുന്ന തൃകക്ഷി അച്ചുതണ്ട് തട്ടിയെടുത്തുവെന്നാണ്. ഇതിനെകുറിച്ച് സമഗ്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടാക്കട മണ്ഡലത്തില്‍ 136 കോടിയുടെ ശുദ്ധജല പദ്ധതി നടപ്പിലാക്കിയതായി ശക്തന്‍ അവകാശപ്പെടുന്നു. കഴിഞ്ഞ പത്തു കൊല്ലമായി ഒരു ശുദ്ധജല വിതരണ പദ്ധതി പോലും മണ്ഡലത്തില്‍ പുതിയതായി സ്ഥാപിച്ചിട്ടില്ല. വിളപ്പില്‍ പഞ്ചായത്തിലെ കാവിന്‍പുറം പ്ലാന്റില്‍ തകരാറിലായ മോട്ടറുകള്‍ രണ്ടു ലക്ഷം രൂപ മുടക്കി തകരാര്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. ഇതിന് സാധിക്കാത്ത എംഎല്‍എ കുടിനീരിനായി അനുവദിച്ചു എന്ന് കൊട്ടിഘോഷിക്കുന്ന കോടികള്‍ എന്തു ചെയ്തുവെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും അദ്ധേഹം പറഞ്ഞു. 96 കോടി ചെലവഴിച്ച് സ്ഥാപിച്ച കാളിപ്പാറ പദ്ധതി അഴിമതിയുടെ നേര്‍ചിത്രമാണ്. കാളിപ്പാറ പദ്ധതി കമ്മീഷന്‍ ചെയ്ത് ആഴ്ചകള്‍ക്കുള്ളില്‍ പൈപ്പുകള്‍ പൊട്ടിയത് നിലവാരമില്ലാത്ത പൈപ്പുകളും യന്ത്ര സാമഗ്രഹികളും ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയതിനാലാണ്. സ്വന്തം മണ്ഡലം അല്ലാതിരുന്നിട്ടും ശക്തന്‍ കാളിപ്പാറ പദ്ധതിയുടെ അഴിമതിപ്പണത്തിന്റെ പങ്കുപറ്റാന്‍ പോയതായി കൃഷ്ണദാസ് ആരോപിച്ചു. കരമന മലയിന്‍കീഴ് കാട്ടാക്കട വെള്ളറട റോഡ് നവീകരണത്തിന് വസ്തു ഏറ്റെടുക്കാന്‍ 21.50 കോടി രൂപ ചെലവഴിച്ചു എന്ന ശക്തന്റെ വാദം ശുദ്ധ തട്ടിപ്പാണ്. നടപ്പാതയും പൊതു ഓടയും കയ്യേറി റോഡു നവീകരണം നടത്തിയതല്ലാതെ ഒരു തുണ്ട് ഭൂമി ഏറ്റെടുത്തിട്ടില്ല. വികസനത്തിന്റെ മറവില്‍ ശക്തനും ബിനാമികളും ചേര്‍ന്ന് നടത്തിയ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ ബിജെപി ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ രാഷ്ട്രീയപരമായും നിയമപരമായും പോരാടി അഴിമതി കഥകള്‍ ബിജെപി പുറത്തുകൊണ്ടുവരുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ കോണ്‍ഗ്രസുമായി അരങ്ങില്‍ സഖ്യമുണ്ടാക്കിയവര്‍ ഇവിടെ അണിയറയിലാണ് കൂട്ടുകൂടിയിരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. ഇവരുടെ ഭായി ഭായി ബന്ധം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. എല്‍ഡിഎഫ് യുഡിഎഫ് ആവര്‍ത്തനത്തിന് ഈ തെരഞ്ഞെടുപ്പില്‍ അന്ത്യം കുറിക്കപ്പെടുമെന്നും പകരം പരിവര്‍ത്തനത്തിന്റെ പുതിയ രാഷ്ട്രീയം കേരളത്തില്‍ സംജാതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന കൗണ്‍സില്‍ അംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.