പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‍ മുംബൈയില്‍ എത്തുന്നു

Sunday 29 January 2012 11:49 pm IST

മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ (26/11) പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ പാക്കിസ്ഥാനി ജുഡീഷ്യല്‍ കമ്മീഷന്‍ ഫെബ്രുവരി മൂന്നിന്‌ ഇവിടെയെത്തും.ബോംബെ ഹൈക്കോടതിയുടെ അനുമതിയോടെ എത്തുന്ന പാക്‌ കമ്മീഷന്‌ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 26/11 കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ്‌ മഹാലെ പിടിയിലായ ഏക പ്രതിയും പാക്‌ ഭീകരനുമായ അജ്മല്‍ കസബിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ്‌ ആര്‍.വി. സാവന്ത്‌, കസബിനെ ചികിത്സിച്ച ജെ.ജെ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ മൊഴികള്‍ കമ്മീഷന്‍ രേഖപ്പെടുത്തും. തെക്കന്‍ മുംബൈയിലെ എസ്പ്ലനേഡ്‌ കോടതിയില്‍ വെച്ചാണ്‌ മൊഴികള്‍ രേഖപ്പെടുത്തുക.പാക്‌ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഖാലിദ്‌ ഖുറേഷി, രണ്ട്‌ മുഖ്യ പ്രോസിക്യൂട്ടര്‍മാരായ മുഹമ്മദ്‌ അസര്‍ ചൗധരി, ചൗധരി സുള്‍ഫിക്കര്‍, പ്രതഭാഗം അഭിഭാഷകരുടെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ്‌ കമ്മീഷന്‍. ലഷ്കറെ തൊയ്ബ കമാണ്ടര്‍ സകിയുര്‍ റഹ്മാന്‍ ലഖ്‌വിയടക്കം കേസിലെ ഏഴ്‌ പാക്‌ പ്രതികളുടെ വിചാരണ നടത്തുന്ന ഭീകരവിരുദ്ധ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ പാക്കിസ്ഥാന്‍ കമ്മീഷന്‍ രൂപീകരിച്ചത്‌. 200 ഓളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തത്‌ ലഖ്‌വിയായിരുന്നു. പാക്കിസ്ഥാനിലെ ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക്‌ പ്രത്യേക സംഘത്തെ അയക്കേണ്ടതുണ്ടെന്ന പാക്‌ നിലപാടിനെത്തുടര്‍ന്നാണ്‌ കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂദല്‍ഹിയില്‍ നടന്ന ആഭ്യന്തര സെക്രട്ടറിതല സംഭാഷണത്തില്‍ കമ്മീഷന്‌ അനുമതി നല്‍കാന്‍ തീരുമാനമായത്‌. ലഖ്‌വി ഉള്‍പ്പെടെ ലഷ്കറെ തൊയ്ബയുടെ ഏഴ്‌ ഭീകരരെ ജയിലില്‍ അടച്ചത്‌ മുംബൈയില്‍ കസബ്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായതിനാല്‍ മജിസ്ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മൊഴികള്‍ അനിവാര്യമാണെന്നാണ്‌ പാക്‌ നിലപാട്‌. ഇതേസമയം, 26/11 കേസില്‍ റാവല്‍പിണ്ടി കോടതിയിലെ വിചാരണ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്‌. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിലും ഇന്ത്യക്ക്‌ ഉറപ്പില്ല. 2009 മുതല്‍ വിചാരണ ആരംഭിച്ചശേഷം നാല്‌ ജഡ്ജിമാരെ മാറ്റിക്കഴിഞ്ഞു. കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കുന്ന ഷഹീദ്‌ റഫീഖ്‌ അഞ്ചാമത്തെ ജഡ്ജിയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.