പാര്‍ട്ടിവിരുദ്ധന്‍ ആവര്‍ത്തിച്ച് പിണറായി; കരുതലോടെ വിഎസ്

Thursday 21 April 2016 11:30 pm IST

ആലപ്പുഴ: പാര്‍ട്ടി വിജയിക്കുമ്പോള്‍ വിഎസ് തോറ്റിട്ടുള്ള പാര്‍ട്ടിയിലെ അടവുനയം കണ്ടറിഞ്ഞ് 'പാര്‍ട്ടി വിരുദ്ധന്‍' വി.എസ്. അച്യുതാനന്ദന്‍ പുതിയ തന്ത്രം മെനയുന്നു. എങ്ങനെയും എംഎല്‍എ ആകുകയെന്നതാണ് ആദ്യലക്ഷ്യം. അതിന് ആര്‍ക്കും വഴങ്ങുക, ശേഷം പിന്നെ എന്നതാണ് തന്ത്രം. വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രസ്താവനയ്ക്ക് പിണറായി വിജയന്‍ തന്നെ വിശദീകരണം നല്‍കി മയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കൊല്ലത്ത് നിലപാട് ആവര്‍ത്തിച്ചു. അതേ സമയം, വിഎസ് പാര്‍ട്ടിവിരുദ്ധന്‍തന്നെ ആണെന്ന് മുതിര്‍ന്ന നേതാവ് എം. എം. ലോറന്‍സ് ഇന്നലെ കൊച്ചിയില്‍ ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടു പറയാതെ മാധ്യമങ്ങളെ പഴിയ്ക്കാനേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായുള്ളു. വിഎസ് ആകട്ടെ, ധര്‍മ്മടത്തുള്‍പ്പെടെ പ്രസംഗങ്ങളിലൊന്നും ഇക്കാര്യം പരാമര്‍ശിക്കാതെ, തല്‍ക്കാലം ഈ ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് തന്ത്രപരമായ നിലപാടെടുക്കുകയായിരുന്നു. ഇപ്പോഴും പാര്‍ട്ടി നിയന്ത്രിക്കുന്ന മുന്‍ സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി. കോടിയേരിയ്ക്ക് അതിനപ്പുറമില്ല. അതിനാല്‍, കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി തെരുവില്‍ ഇറങ്ങേണ്ടി വന്ന വി.എസ്. അച്യുതാനാനന്ദന് ഇത്തവണ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിലനില്‍പ്പുപോരാട്ടം വേണ്ടി വരിക. പാര്‍ട്ടിവിരുദ്ധന്‍ പരാമര്‍ശം ഒരിടവേളയക്ക് ശേഷം പാര്‍ട്ടിയിലെ ഗ്രൂപ്പു കലഹം ആളിക്കത്തിക്കുകയാണ്. പരമാവധി പ്രകോപിപ്പിച്ചിട്ടും വിഎസ് വിനീതവിധേയനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ പുത്രസ്‌നേഹവും, പി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത് അടക്കമുള്ള ചില വിഷയങ്ങളുമാണെന്ന് പഴയ വിഎസ് അനുകൂലികള്‍ വെളിപ്പെടുത്തുന്നു. പിണറായിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമല്ല, പിണറായിയെ നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദ്ദേശം ചെയ്യേണ്ട ഗതികേടിലാണ് വിഎസ്സെന്നും അവര്‍ വ്യക്തമാക്കുന്നു. സ്വന്തം ജില്ലയില്‍ പോലും സി.കെ. സദാശിവന്‍, സി.എസ്. സുജാത അടക്കമുള്ള തന്റെ വിശ്വസ്തരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തിയപ്പോള്‍ പ്രതികരിക്കാതിരുന്നതും തന്നെ പൊതുവേദിയില്‍ പല തവണ അവഹേളിച്ച ജി. സുധാകരന് വേണ്ടി പ്രചാരണത്തിനെത്തുന്നതും അച്യുതാനന്ദന്റെ ഗതികേടാണെന്നും വിഎസ് പക്ഷക്കാര്‍ പറയുന്നു. വിഎസ് മുട്ടുമടക്കിയത് കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അവര്‍ സൂചിപ്പിക്കുന്നു. വിഎസിന്റെ നിലപാടു വ്യതിയാനത്തില്‍ അസംതൃപ്തരായ അവര്‍ പക്ഷേ, പിണറായിപക്ഷത്തെത്തുന്നില്ല. പുതിയ ചില അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുന്നുണ്ട്. അത് നിര്‍ണ്ണായക നിമിഷത്തില്‍ വിഎസ് സ്വയം നേട്ടത്തിനു വിനിയോഗിച്ചേക്കുമെന്നും പറയപ്പെടുന്നു. പ്രകാശ് കാരാട്ടിനെതിരേയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്നതിന് യെച്ചൂരിക്ക് വിഎസിനോടുള്ള ചായ്‌വും സഹായകമാകും. അതിനിടെ, സംസ്ഥാന കമ്മറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടുള്ളത് വിഎസ്സിനാണെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാല്‍, സിപിഎമ്മിനു നിരുപാധികം കീഴടങ്ങിയ ജെഎസ്എസ് നേതാവ് കെ. ആര്‍. ഗൗരിയമ്മയെ ആ ഒഴിവില്‍ നിയോഗിക്കുമെന്നാണ് വിവരം. വിഎസ് പക്ഷക്കാരെന്ന് അറിയപ്പെടുന്ന ഏതാനും ചിലര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചത് പിണറായി പക്ഷത്തിന് മുന്നില്‍ കീഴടങ്ങിയെന്ന ഒറ്റക്കാരണം കൊണ്ടാണ്. അവഗണനയുടെയും അവഹേളനത്തിന്റെയും നെല്ലിപ്പലക കണ്ട സാഹചര്യത്തില്‍ പാര്‍ട്ടിയിലും പുറത്തും പോരാട്ടം ശക്തമാക്കണമെന്ന നിലപാടാണ് വിഎസിന്റെ അനുകൂലികള്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍, അടുത്തയാളുകളോട് കാത്തിരിക്കുക, അവസരം വരുമെന്ന നിലപാട് വിഎസ് അറിയിച്ചതായാണ് വിവരം. കണ്ണൂരില്‍ വിഎസിന് മാധ്യമവിലക്ക് കണ്ണൂര്‍: പിണറായി വിജയന് ധര്‍മ്മടത്ത് വോട്ടു ചോദിയ്ക്കാനെത്തിയ വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിയുടെ മാധ്യമ വിലക്ക്. ഇന്നലെ കൊല്ലത്തും പിണറായി പാര്‍ട്ടി വിരുദ്ധനായി വിഎസിനെ വിശേഷിപ്പിച്ചപ്പോള്‍ കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുന്‍ നിശ്ചയിച്ചിരുന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍നിന്ന് വിഎസിനെ പാര്‍ട്ടി വിലക്കി. ഉച്ചവരെ ഇന്നലെ ഒരേയൊരു പ്രചാരണ പരിപാടി മാത്രമായിരുന്നു ജില്ലയില്‍ വിഎസിന്. പിണറായിയുടെ പരാമര്‍ശത്തിനെതിരെ വല്ലതും വിഎസ് പറയുമെന്ന ഭയത്തില്‍ സിപിഎം നേതൃത്വം ഇടപെട്ട് മുഖാമുഖം റദ്ദു ചെയ്യുകയായിരുന്നുവെന്നറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.