കുന്ദമംഗലം മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന് ആവേശം നിറച്ച് സി.കെ. പത്മനാഭനും കേന്ദ്രമന്ത്രി ജെ.പി. നദ്ദയും

Sunday 24 April 2016 10:18 pm IST

പന്തീരാങ്കാവില്‍ നടന്ന എന്‍ഡിഎ കുന്ദമംഗലം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ
സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭനെ സ്വീകരിച്ചാനയിക്കുന്നു

കോഴിക്കോട്: നൂറകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ആവേശകരമായ പങ്കാളിത്തത്തോടെ എന്‍ഡിഎ കുന്ദമംഗലം കണ്‍വെന്‍ഷന്‍. പന്തീരാങ്കാവ് അനുഗ്രഹ പാലസില്‍ തിങ്ങി നിറഞ്ഞ സ്ത്രീകളടക്കമുള്ള സദസ്സിനെ ചൂണ്ടിക്കാട്ടി കണ്‍വെന്‍ഷന്റെ ഉദ്ഘാടകനായ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ പറഞ്ഞു, ”ഇത് മാറ്റത്തിന്റെ ലക്ഷണമാണ്. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും കേരളം വിടപറയുന്നു എന്നതിന്റെ നേര്‍കാഴ്ച”.
വടകരയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് നിശ്ചയിച്ചതില്‍ നിന്ന് രണ്ടു മണിക്കൂര്‍ വൈകിയാണ് ജെ.പി നദ്ദ പന്തീരാങ്കാവിലെത്തിയത്. ദേശീയപാത വികസനത്തിലും വീതികൂട്ടുന്നതിലും റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിലും സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണ് തന്റെ യാത്രയില്‍ കാണാനായതെന്നും അവസാനിക്കാത്ത ഗതാഗതകുരുക്കാണ് താന്‍ വൈകിയതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളം പ്രഗത്ഭമതികളെ സംഭാവന ചെയ്ത നാടാണ്. എല്ലാ മേഖലയിലും ഇത്തരം പ്രതിഭകളുണ്ട്. എന്നാല്‍ അവരുടെ സേവനം മുഴുവന്‍ കേരളത്തിന് പുറത്താണ്. ഇവരുടെ സേവനം കേരളത്തില്‍ ഉപയോഗപ്പെടുത്താന്‍ പറ്റാത്ത പരാജയപ്പെട്ട ഭരണ നേതൃത്വമാണ് സംസ്ഥാനത്തിനുള്ളത്. അവരെ തൂത്തെറിഞ്ഞേ പറ്റൂ.
വികസനം കോയമ്പത്തൂരിലും കാസര്‍കോടിനു പുറത്തുമായി തടഞ്ഞു നിര്‍ത്തപ്പെട്ടിരിക്കുകയാണ്. തന്റെ സ്വന്തം സംസ്ഥാനമായ ഹിമാചലില്‍ രണ്ട് ജില്ലയില്‍ മാത്രമാണ് ആപ്പിള്‍ കൃഷിയുള്ളത്. എന്നാല്‍ ലോകത്തെങ്ങും ആപ്പിള്‍ കൊണ്ടുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഹിമാചലിനു കഴിയുന്നു. നാളികേരസമൃദ്ധമായ കേരളത്തില്‍ അതിനെ ഉപയോഗപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 35000 കോടി രൂപയാണ് റോഡ് വികസനത്തിന് നല്‍കിയത്. എന്നാല്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കേരളത്തിന് കഴിഞ്ഞില്ല. ഇരുമുന്നണികളും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ആശയപരമായി പരാജയപ്പെട്ട ഇടതുപക്ഷം അക്രമത്തെ ആശ്രയിക്കുകയാണ്. അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടി. ചക്രായുധന്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍, ബിജെപി നേതാക്കളായ പി.ജിജേന്ദ്രന്‍, ടി. വി. ഉണ്ണികൃഷ്ണന്‍, ടി.പി. സുരേഷ്, ടി.വാസുദേവന്‍, വി.ടി. അച്ചുതന്‍, അനിത, കെ.ടി. വിപിന്‍, എ. ജനാര്‍ദ്ദനന്‍, കെ. കൃഷ്ണന്‍ മാസ്റ്റര്‍, പി. രാജന്‍, അഡ്വ. പ്രിയ, സിദ്ധാര്‍ത്ഥന്‍, ശിവദാസന്‍, മോഹനന്‍,പുഷ്പാകരന്‍, മുണ്ടി, (സാംബവ സൊസൈറ്റി ജില്ലാ സെക്രട്ടറി), അശോകന്‍ പി.സി (ബിഡിജെഎസ് ജില്ലാ സെക്രട്ടറി) , കെ.പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.