ആത്മവിശ്വാസത്തോടെ എന്‍ഡിഎ

Friday 22 April 2016 8:33 pm IST

ആലപ്പുഴ: മടുത്തു ഇടതു വലതു ഭരണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ ഇവിടെയെത്താന്‍ എന്‍ഡിഎയ്ക്ക് വോട്ടു നല്‍കാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്ന് ആലപ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍. മണ്ഡലത്തിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വീടു വീടാന്തരമുള്ള പര്യടനത്തില്‍ വോട്ടര്‍മാരുടെ നിലപാടിതാണ്. ഇന്നലെ രാവിലെ വളവനാട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിശേഷമായിരുന്നു സ്ഥാനാര്‍ത്ഥി രണ്‍ജിത് ശ്രീനിവാസ് തെരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത്. ഓരോ വീട്ടിലുമെത്തുമ്പോഴും വോട്ടര്‍മാര്‍ നിറഞ്ഞ സന്തോഷത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. വളവനാട് കോളനിയില്‍ എത്തിയപ്പോള്‍ കോളനി നിവാസികള്‍ ഭാരത് മാതാവിന് ജയ് വിളിച്ചാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. ഉച്ചഭക്ഷണത്തിനിടയിലും നിരവധി വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേരാനെത്തി. തുടര്‍ന്ന് കാട്ടൂര്‍ ഹനുമാന്‍സ്വാമി ക്ഷേത്രപരിസരത്തുനിന്നും ആരംഭിച്ച പര്യടനത്തില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം നിരവധി അമ്മമാരും പങ്കെടുത്തു. എല്ലാവരും നല്ല നാളേയ്ക്കുള്ള ശുഭപ്രതീക്ഷയിലാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കാട്ടൂര്‍, ചെത്തി, ചേന്നവേലി ഭാഗങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. ഞങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇതുവരെ ഞങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണകള്‍ മാറി ഇത്തവണ എന്‍ഡിഎയ്ക്ക് വോട്ടു നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് വോട്ടര്‍മാര്‍ നിലപാട് അറിയിച്ചത്. മത്സ്യത്തൊഴിലാളി മേഖലയില്‍ എത്തിയപ്പോഴും സ്ഥിതി വിഭിന്നമായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സുകന്യ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പദ്ധതികള്‍, തീരദേശ മേഖലയ്ക്ക് ഇതുവരെ നല്‍കാതിരുന്ന പദ്ധതികള്‍ എന്നിവയെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ നല്‍കി. അതുകൊണ്ട് തീരദേശത്തിന്റെ വോട്ട് എന്‍ഡിഎയ്ക്കാണെന്നും ജനങ്ങള്‍ പറഞ്ഞു. വൈകിട്ട് നാലരയോടെ ഭവന സന്ദര്‍ശനം അവസാനിപ്പിച്ച് ആര്യാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.