ചില ഭൗമദിന ചിന്തകള്‍

Friday 22 April 2016 8:46 pm IST

ഇന്നലെ, വെള്ളിയാഴ്ച ലോകഭൗമദിനമായിരുന്നു. ഈ വര്‍ഷത്തെ ഭൗമദിന മുദ്രാവാക്യം 778 ബില്യണ്‍ മരങ്ങള്‍ അടുത്ത അഞ്ചുകൊല്ലത്തിനുള്ളില്‍ നടുക എന്നതാണ്. ഭാരതത്തിലെ ഏറ്റവും ഹരിത സംസ്ഥാനമായ കേരളവും മറ്റു സംസ്ഥാനങ്ങളെപ്പോലെ തീച്ചൂടില്‍ വെന്തുരുകുകയാണ്. കന്നുകാലികള്‍ ചൂടില്‍ ചത്തുവീഴുന്നു. കുളങ്ങളും കിണറുകളും വറ്റുകയും മണല്‍വാരലിലും മറ്റുംവഴി പുഴകള്‍ ചെറുതോടുകള്‍ പോലെയായി മാറുകയും ചെയ്ത സാഹചര്യത്തില്‍ 44 നദികളുള്ള കേരളവും കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു. സ്വയംകൃതാര്‍ത്ഥമാണ് കേരളം അനുഭവിക്കുന്നത്. കുന്നുകള്‍ ഇടിച്ചും മലകളിലെ മരങ്ങള്‍ മുഴുവന്‍ വെട്ടിയും പ്രകൃതി തന്ന സൗഭാഗ്യം നശിപ്പിക്കുന്നവരാണ് മലയാളികള്‍. ഈ ഭൗമദിനത്തിലെ മുഖമുദ്ര മരങ്ങളാണ്. ഭൂമിയുടെ നിലനില്‍പ്പ് മരങ്ങളും നദികളും മലകളും കുന്നുകളും ആകുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം അനുഭവിക്കുന്ന ലോകത്തിന് 7.8 ബില്യണ്‍ മരങ്ങള്‍ നട്ടാല്‍ മാത്രമേ പരിസ്ഥിതി സംതുലനം സാധ്യമാകുകയുള്ളൂ. മരങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെ തടയാനാകുന്നത് അവ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ സ്വംശീകരിക്കുന്നതിനാലാണ്. മരങ്ങള്‍ കാരണമാണ് നമുക്ക് ശുദ്ധവായു ശ്വസിക്കാനാകുന്നതുപോലും. ഓസോണ്‍ ലെയര്‍ മറയുമ്പോല്‍ അള്‍ട്രാ-വയലറ്റ് രശ്മികള്‍ വ്യാപകമാകും. മറ്റൊരു വസ്തുത വ്യവസായ മാലിന്യ നിക്ഷേപം മൂലം പുഴകള്‍ മരിക്കുമ്പോള്‍ അത് ആഗോളതാപനം ക്ഷണിച്ചുവരുത്തുന്നു. 7.8 ബില്യണ്‍ മരങ്ങള്‍ നട്ടാല്‍ ഓരോരുത്തര്‍ക്കും ഓരോ മരം എന്ന ലക്ഷ്യം നേടനാകുമെന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ചര്‍ച്ചയിലെ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാറില്‍ ഭാരതവും ഒപ്പുവയ്ക്കും. കൂടുതല്‍ ഹരിത ഊര്‍ജ്ജത്തിലേക്ക് ക്ഷണിക്കുന്നതാണ് പാരീസ് കരാര്‍. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കരാര്‍ ആഗോള സഹകരണം ലക്ഷ്യമിടുന്നു. കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും പാരീസ് കരാറിന്റെ ലക്ഷ്യമാണ്. ഇപ്പോള്‍ ചൂട് 20-ാം നൂറ്റാണ്ടിലെ ശരാശരിയേക്കാള്‍ 2.7 ഡിഗ്രി അധികമാണത്രെ. കേരളം ഈ ചൂടില്‍ വെന്തുരുകുകയാണ്. കോഴിക്കോടും കണ്ണൂരും വ്യാഴാഴ്ച 38 ഡിഗ്രിയായി ചൂടുയര്‍ന്നു. ക്ഷീരകര്‍ഷകര്‍ കന്നുകാലികള്‍ പിടഞ്ഞുവീഴുന്നത് കണ്ട് കടുത്ത പ്രതിസന്ധിയിലാണ്. പശു, നായ്ക്കള്‍ എന്നിവയിലാണ് സൂര്യാഘാതത്തിന്റെ തീക്ഷ്ണത കൂടുതലുള്ളതത്രെ. ഉമിനീര്‍ ധാരയായി ഒഴുകി ഇവ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 11 വരെയുള്ള കണക്കനുസരിച്ച് ലഭിക്കേണ്ട മഴയില്‍ 43 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ കേരളം കുടിവെള്ളക്ഷാമവും അനുഭവിക്കുന്നു. ഈ കൊടുംചൂട് അനുഭവിക്കുമ്പോഴും സാക്ഷര മലയാളി പാഠം പഠിക്കുമോ? വനനശീകരണവും മണ്ണെടുപ്പും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭൂമിയുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുകയാണ്. അത്യാര്‍ത്തി പൂണ്ട മനുഷ്യര്‍ക്ക് കുന്നുകള്‍ മണ്ണിനും കല്ലിനും വേണ്ടിയും പുഴകള്‍ മണലിനുവേണ്ടിയും ആണെന്ന അബദ്ധ ധാരണയാണ്. മലയാളിക്ക് വികസനം എന്നുപറഞ്ഞാല്‍ കുന്നും മലകളും ഇടിയ്ക്കലും വയലുകള്‍ നികത്തലുമാണ്. പരിസ്ഥിതിനാശം ഈവിധം തുടരുമ്പോള്‍ ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിയുന്നു. ഭൗമദിനാചരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമായ 2020 ആകുമ്പോഴേക്കും 780 കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു എന്നുപറയുമ്പോള്‍ ഒരാള്‍ക്ക് ഒരു മരം എന്നാണ് പരിഭാഷ. മരങ്ങള്‍ ആവാസവ്യവസ്ഥയിലെ ജൈവബന്ധങ്ങള്‍ നിലനിര്‍ത്തുകയും ഭൂമിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. പാരീസ് സമ്മേളനത്തിന്റെ ലക്ഷ്യം കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പ്പാദനവും ബഹിര്‍ഗമനവും കുറച്ച് അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന കുറയ്ക്കുക എന്നതാണ്. പ്രകൃതിദത്തമായ സൗഭാഗ്യങ്ങള്‍ നശിപ്പിച്ച് ലോകത്തില്‍ ജീവന്‍ നിലനിര്‍ത്താനാകില്ല. ഓസോണ്‍ ലെയര്‍ കുറഞ്ഞാല്‍ അള്‍ട്രാവയലറ്റ് പ്രകാശം നമ്മെ നശിപ്പിച്ച് നദികളെ വരള്‍ച്ചയുടെ പിടിയിലാക്കും.ലോകത്ത് പ്രതിവര്‍ഷം 15 ബില്യണ്‍ മരങ്ങള്‍ വനനശീകരണത്തിലൂടെയും വികസനത്തിന്റെ പേരിലും നഷ്ടപ്പെടുന്നു. പാരീസ് ഉച്ചകോടിയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ ലോകത്തിലെ 195 രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു കരാര്‍ രൂപപ്പെട്ടിരിക്കുകയാണ്. ഭാരതമടക്കമുള്ള വികസ്വര രാജ്യങ്ങളുടെ കൂടി വികസന സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. 1970 ല്‍ അമേരിക്കയിലെ ഗലോഡ് നെല്‍സണ്‍ തുടക്കം കുറിച്ച ഈ പദ്ധതിയില്‍ 192 രാജ്യങ്ങള്‍ വ്യാപകമായി മരം നടുകയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 18 ദശലക്ഷം ഏക്കര്‍ കാടുകള്‍ എല്ലാവര്‍ഷവും ഭൂമിയില്‍ നശിപ്പിക്കപ്പെടുന്നു. ഇതിന് പരിഹാരം കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക കുടിയാണ് അല്ലാതെ കൊടുംപാപിയെ കെട്ടിവലിക്കുക മാത്രമല്ല. എങ്കിലും ആചാരങ്ങളും വിശ്വാസങ്ങളും തുടരട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.