സ്പാനിഷ്, പ്രീമിയര്‍ ലീഗ് പോരാട്ടം ക്ലൈമാക്‌സിലേക്ക്

Friday 22 April 2016 10:52 pm IST

മാഡ്രിഡ്: യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ കിരീടപ്പോരാട്ടം ആന്റി ക്ലൈമാക്‌സിലേക്ക്. നാല് മത്സരങള്‍ ബാക്കിനില്‍ക്കേ സ്പാനിഷ് ലാ ലിഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഒരു മത്സരം തോല്‍ക്കുകയോ സമനിലയില്‍ കുടുങ്ങുകയോ ചെയ്താല്‍ പോരാട്ടത്തിന്റെ ചിത്രം അപ്പാടെ മാറും. ഫ്രാന്‍സില്‍ പിഎസ്ജി കിരീടം നേടിക്കഴിഞ്ഞു. ജര്‍മ്മനിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഇറ്റലിയില്‍ ജുവന്റസും കിരീടത്തിന് തൊട്ടടുത്ത്. ഏറ്റവും കടുത്തതായി മാറുകയാണ് സ്പാനിഷ് ലീഗ് പോരാട്ടം. നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് ടീമുകള്‍ക്ക് തുല്യസാധ്യതയാണുള്ളത്. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സക്കും അത്‌ലറ്റികോക്കും 79 പോയിന്റും റയല്‍ മാഡ്രിഡിന് 78ഉം പോയിന്റുകളുണ്ട്. അനായാസം കിരീടത്തിലേക്ക് നീങ്ങുകയായിരുന്ന ബാഴ്‌സക്ക് തുടര്‍ച്ചയായി നേരിട്ട മൂന്ന് പരാജയങ്ങളാണ് ലീഗിന്റെ ചിത്രം മാറ്റിയെഴുതുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഈ മൂന്ന് ടീമീകളുടെയും 35-ാമത് മത്സരം ഇന്ന് നടക്കും. റയല്‍ മാഡ്രിഡിന് എവേ മത്സരമാമെങ്കില്‍ ബാഴ്‌സക്കും അത്‌ലറ്റികോ മാഡ്രിഡിനും ഹോം മത്സരങ്ങള്‍. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കളത്തിലിറങ്ങുന്ന റയലിന് എതിരാളികള്‍ റയോ വയ്യക്കാനോ. റൊണാള്‍ഡോയുടെ അഭാവത്തിലും മികച്ച പ്രതീക്ഷയാണ് കോച്ച് സിനദിന്‍ സിദാന്‍. കരിം ബെന്‍സേമ, ഗരെത്ത് ബെയ്ല്‍ തുടങ്ങിയവരുടെ കരുത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് സിദാന്‍. അത്‌ലറ്റികോ മാഡ്രിഡിന് എതിരാളികള്‍ മലാഗയും ബാഴ്‌സക്ക് സ്‌പോര്‍ട്ടിങ് ഡി ഗിജോണുമാണ്. കഴിഞ്ഞ ദിവസം ഡി പോര്‍ട്ടീവോയെ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ ലീഗില്‍ തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളില്‍ നിന്ന് കരകയറിയത്. ഏറെ നാളുകളായി ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന സൂപ്പര്‍ താരം മെസ്സി േഫാമിലേക്ക് തിരിച്ചെത്തിയത് കോച്ച് എന്റിക്വെയെ ഏറെ സന്തോഷിപ്പിക്കുന്നു. എന്തായാലും ഇനിയുള്ള ഒാരോ മത്സരവും റയലിനും അത്‌ലറ്റികോക്കും ബാഴ്‌സക്കും ജീവന്മരപോരാട്ടമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സമാനമായ സ്ഥിതിയാണുള്ളത്. നിലവിലെ കണക്കെടുത്തുനോക്കിയാല്‍ ഇത്തവണ പുതിയ ടീം ലീഗ് കിരീടത്തിന് അവകാശികളാകും. ലീസസ്റ്റര്‍ സിറ്റിയും ടോട്ടനം ഹോട്‌സ്പറുമാണ് കിരീടപോരാട്ടത്തില്‍ മുന്‍പന്തിയില്‍. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ലീസസ്റ്ററിന് 73ഉം ടോട്ടനത്തിന് 68ഉം പോയിന്റാണുള്ളത്. 63 പോയിന്റാണ് ആഴ്‌സണിലിനുള്ളത്. ബാക്കിയുള്ള നാല് മത്സരങ്ങളില്‍ നിന്ന് 8 പോയിന്റ് നേടിയാല്‍ ലീസസ്റ്ററിന് ചരിത്രത്തിലാദ്യമായി കിരീടം നേടാം. അതേസമയം ടോട്ടനത്തിന് കിരീടം നേടണമെങ്കില്‍ ലീസസ്റ്റര്‍ മൂന്ന് മത്സരങ്ങൡലെങ്കിലും തോല്‍ക്കുകയും ഒപ്പം ടോട്ടനം എല്ലാ കളികളിലും വിജയിക്കുകയും വേണം. ആഴ്‌സണലിന് കിരീടം നേടാന്‍ വിദൂരസാധ്യതയാണുള്ളത്. ഇറ്റലിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് കിരീടം നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ലീഗില്‍ നാല് കളികള്‍ ബാക്കിനില്‍ക്കേ രണ്ടാം സ്ഥാനത്തുള്ള നാപ്പോൡയേക്കാള്‍ 9 പോയിന്റിന്റെ ലീഡ് ജുവന്റസിനുണ്ട്. ബാക്കിയുള്ള നാല് കളികളില്‍ നിന്ന് നാല് പോയിന്റ് നേടിയാല്‍ ജുവന്റസ് വീണ്ടും സീരി എയില്‍ കിരീടം ചൂടും. ജര്‍മന്‍ ബുന്ദസ്‌ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ബയേണ്‍ മ്യൂണിക്ക് കിരീടം നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. 30 കളികളില്‍ നിന്ന് ബയേണിന് 78 പോയിന്റ് ഉള്ളപ്പോള്‍ രണ്ടാമതുള്ള ബൊറൗസിയക്ക് 71 പോയിന്റാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.