കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വനിതാ കിരീടം മാര്‍ത്തോമ കോളേജിന്

Friday 22 April 2016 11:04 pm IST

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വനിതാ വിഭാഗം കിരീടം മാര്‍ത്തോമ കോളേജ് തിരുവല്ല കരസ്ഥമാക്കി. ഇന്നലെ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ ക്വാര്‍ട്‌സ് വിമന്‍സ് എഫ്.സി കോഴിക്കോടിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാര്‍ത്തോമ കോളേജ് പരാജയപ്പെടുത്തി. മാര്‍ത്തോമ്മയ്ക്കു വേണ്ടി പി.കെ സുചിത്ര രണ്ടു ഗോളുകളും സുബിത ഒരു ഗോളും നേടി. റൗണ്ട് റോബിന്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു ആറ് പോയിന്റോടെ ഒപ്പത്തിനൊപ്പം നിന്നിരുന്ന തിരുവല്ലയും കോഴിക്കോടും തമ്മിലുള്ള മത്സരം ഫൈനലിനു തുല്യമായി മാറിയിരുന്നു. ആദ്യ ഒന്‍പത് മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ വിധിയെഴുതി. മിനിറ്റല്‍ മാര്‍ത്തോമ കോളേജിന്റെ 19-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ സുബീത പൂവട്ട ആദ്യ വെടിപൊട്ടിച്ചു. ഒന്‍പതാം മിനിറ്റില്‍ 24-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ പി.കെ സുചിത്ര രണ്ടാം ഗോളും നേടി. ഗോള്‍ മടക്കാനുള്ള ആവേശം ഒന്നും കാണിക്കാതെ കീഴടങ്ങിയ നിലയിലായിരുന്നു കോഴിക്കോടിന്റെ വനിതകള്‍. ആദ്യ പകുതിയില്‍ വിരലില്‍ എണ്ണാവുന്ന നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കളി ഏറെക്കുറെ കോഴിക്കോടിന്റെ പകുതിയില്‍ തമ്പടിച്ചു. രണ്ടാം പകുതിയിലും മാര്‍ത്തോമയുടെ അധിപത്യത്തിനു മുന്നില്‍ കോഴിക്കോട് അടിയറവ് പറഞ്ഞു. 80ാം മിനിറ്റില്‍ പി.കെ സുചിത്ര രണ്ടാം ഗോള്‍ കൂടി നേടിയതോടെ പോരാട്ടത്തിനു തിരശ്ശീല വീണു. ഇന്നു നടക്കുന്ന പുരുഷ വിഭാഗം ഗ്രൂപ്പ് ബി മത്സരത്തില്‍ എസ്.ബി.ടി തിരുവനന്തപുരം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.