സുരേഷ്‌ഗോപി അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Saturday 23 April 2016 10:25 am IST

ന്യൂദല്‍ഹി: മലയാള ചലച്ചിത്രതാരം സുരേഷ് ഗോപി അടക്കമുള്ള ആറു പ്രമുഖരുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഇവരെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ തീരുമാനം. സാമ്പത്തിക വിദഗ്ധനായ നരേന്ദ്ര ജാദവ്, ക്രിക്കറ്റ്താരം നവജ്യോത് സിങ് സിദ്ദു, ബോക്‌സിംഗ് താരം മേരികോം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വപന്‍ദാസ് ഗുപ്ത, സുബ്രഹ്മണ്യംസ്വാമി എന്നിവരുടെ അംഗത്വത്തിനും രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. 12 നോമിനേറ്റഡ് എംപിമാരാണ് രാജ്യസഭയിലുള്ളത്. ഇതില്‍ എഴുത്തുകാരന്‍ ജാവേദ് അക്തര്‍ അടക്കമുള്ള 7പേരുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടവകാശം ഒഴികെ മറ്റെല്ലാ അധികാരങ്ങളും നോമിനേറ്റഡ് അംഗങ്ങള്‍ക്കും സഭയിലുണ്ടാകും. രാജ്യസഭയില്‍ ഇതുവരെ 124 പേരെയാണ് നോമിനേറ്റഡ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. മലയാളികളായ ജി. ശങ്കരക്കുറുപ്പ്, കാര്‍ട്ടൂണിസ്റ്റ് അബു, സര്‍ദാര്‍ കെ.എം പണിക്കര്‍ തുടങ്ങിയ മലയാളികള്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങളായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ നോമിനേറ്റഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.