മദ്യനയത്തില്‍ കാലുറയ്ക്കാതെ എല്‍ഡിഎഫ്

Saturday 23 April 2016 10:12 pm IST

കോട്ടയം: മദ്യനയത്തില്‍ കാലുറയ്ക്കാതെ എല്‍ഡിഎഫ്. സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്നതോടൊപ്പം യു ഡി എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയിട്ടില്ലെന്ന സൂചനയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നല്‍കുന്നു. ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ ഒഴികെ ബാക്കി പൂട്ടിയതായാണ് സംസ്ഥാന സര്‍ക്കാര്‍ അവകാപ്പെടുന്നത്. എന്നാല്‍ ഇടതു മുന്നണി ഇതിനെ മറ്റൊരു രീതിയില്‍ കാണുന്നു. നിലവില്‍ പൂട്ടിയതായി പറയുന്ന ബാറുകളില്‍ വൈനും ബിയറും വില്‍ക്കുന്നുണ്ട്. നിരവധി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി എന്നവകാശപ്പെടുമ്പോഴും വരുമാനത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഇത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കോട്ടയം പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച നിലപാട് 2016 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പങ്കാളിത്തത്തോടെയുള്ള മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. നിരോധനം ഉണ്ടായാല്‍ വ്യാജമദ്യം വില്‍ക്കാനുള്ള അവസരമാണ് ഉണ്ടാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിലയിരുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പകല്‍ക്കൊള്ള ജനങ്ങള്‍ക്ക് തുറന്നുകാട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ എല്‍ഡിഎഫ് നടത്തുന്നത്. പ്രതിപക്ഷം എന്ന നിലയില്‍ എല്‍ഡിഎഫും ജനങ്ങള്‍ക്ക് മുമ്പില്‍ വിലയിരുത്തപ്പെടും. അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് മുന്നണിയില്‍ ഇപ്പോള്‍ തര്‍ക്കങ്ങളില്ല. വി.എസ് അച്യുതാനന്ദനും പിണറായിയും തമ്മില്‍ യോജിപ്പില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചു മത്സരിക്കുന്നത് സംബന്ധിച്ച് ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കഴിഞ്ഞില്ല. ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമണത്തിനിരയാവുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ നയങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതു മുന്നണി കനത്ത വെല്ലുവിളി നേരിടുന്ന പൂഞ്ഞാറില്‍ നില ഭദ്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. പി.സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ ഒരു വെല്ലുവിളിയല്ല. ഇടത് മുന്നണിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പൂഞ്ഞാര്‍. ഇവിടെ പി.സി ജോര്‍ജ്ജിന് ഒരു തരംഗവും സൃഷ്ടിക്കാനാവില്ല. പ്രചാരണം ശക്തമാക്കുന്നതിനായാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പൂഞ്ഞാറില്‍ എത്തിയതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ആദിവാസി മേഖലയില്‍ നിന്നും നിരന്തര സമരങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവായ സി.കെ ജാനുവിനെ എല്‍ഡിഎഫ് തള്ളിപ്പറഞ്ഞു. അവര്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിത്വമായി കരുതിയിട്ടില്ലെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.