ആ ലക്ഷ്യപൂര്‍ത്തിയ്ക്കായി...

Sunday 24 April 2016 9:09 pm IST

ബിജെപിയ്ക്ക് സംസ്ഥാന നിയമസഭയിലെത്താനുള്ള ദൂരം ആയിരം വോട്ടിനു മാത്രം അകലെയാണെന്ന് ജനപിന്തുണയിലൂടെ തെളിയിച്ച സ്വര്‍ഗ്ഗീയ കെ.ജി. മാരാരുടെ 21-ാം ഓര്‍മ്മദിനമാണിന്ന്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചുകഴിഞ്ഞിരിക്കെ ആ മഹാ മനുഷ്യന്റെ, സാമൂഹ്യ പ്രവര്‍ത്തകന്റെ, ജനസേവകന്റെ, പൊതു പ്രവര്‍ത്തനത്തിലെ മാതൃകാ വ്യക്തിത്വത്തിന്റെ ഓര്‍മ്മയിരമ്പം പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം കൂട്ടും. പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ചത് ഒന്നര ദശാബ്ദം, പക്ഷേ, ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിനു മുമ്പ് ജനസംഘത്തിനും, അതിന്റെയെല്ലാം ആത്മാവായ രാഷ്ട്രീയ സ്വയം സേവക സംഘത്തിനും വേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പ്രവര്‍ത്തനത്തിനെ വര്‍ഷംകൊണ്ട് അളക്കാനാവില്ല. നേരില്‍ കണ്ടവര്‍ക്കും ആ സ്‌നേഹവും സൗഹാര്‍ദ്ദവും അനുഭവിച്ചവര്‍ക്കും ആ മനുഷ്യസ്‌നേഹി മികച്ച വഴികാട്ടിയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലും, ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി മൂന്നരപതിറ്റാണ്ടോളം പൊതുരംഗത്ത് മാരാര്‍ജി വ്യക്തിമുദ്രചാര്‍ത്തി. കേരളം ഭരിയ്ക്കാന്‍ ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നു പറയുമ്പോള്‍ അത് ഒരുചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയാന്‍ ആരും തയ്യാറാകുന്നില്ല. പരസ്യമായി സമ്മതിച്ചുകൊടുക്കാന്‍ തയ്യാറാകാത്തവരും രഹസ്യമായി സമ്മതിക്കുന്നു സംസ്ഥാനത്തെ ബിജെപിയുടെ കരുത്ത്. ഇന്ന് ബിജെപി ഒറ്റയ്ക്കല്ല. പാര്‍ട്ടിയ്‌ക്കൊപ്പം കേരളത്തിന്റെ ഒരു പരിഛേദം തന്നെ അണിനിരന്നിരിയ്ക്കുന്നു. കേന്ദ്രംഭരിയ്ക്കുന്ന പാര്‍ട്ടിയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള പാര്‍ട്ടി. ആ പാര്‍ട്ടി കേരള തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ മത്സരിക്കുന്നുവെന്ന് ഇന്ന് പറയുമ്പോള്‍ അന്ന്, ഈ കരുത്തും പിന്തുണയും ഒന്നുമില്ലാതിരുന്ന കാലത്തും താന്‍ പ്രചരിപ്പിക്കുന്ന തത്വശാസ്ത്രം മറ്റെല്ലാറ്റിനെയും പിന്നിലാക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിയ്ക്കുകയും വിളിച്ചുപറയുകയും ചെയ്തിരുന്ന കെ.ജി. മാരാര്‍ എന്ന മാരാര്‍ജിയുടെ ഇച്ഛാശക്തിയും കല്‍പ്പനാശക്തിയും വീക്ഷണ വിശാലതയും, ദീര്‍ഘദര്‍ശിത്വവും അത്ര കരുത്തുറ്റതായിരുന്നു. ലക്ഷ്യം കാണാന്‍ ആരോഗ്യംപോലും മറന്നും അദ്ധ്വാനിച്ചു. വിശ്രമിയ്ക്കാതെ, പട്ടിണിയനുഭവിച്ച്, കാല്‍നടയായും ബസ്സിലും ട്രെയിനിലുമൊക്കെയായി കേരളമാകെ എത്തിപ്പെട്ടു. ഓരോ അണുവിലും അണികള്‍ക്ക് ആശ്വാസമേകി, ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണര്‍ത്തി. അങ്ങനെ സ്വരക്തം കൊടുത്ത് മാരാര്‍ജി കെട്ടിപ്പൊക്കിയ കരുത്തുറ്റ അടിത്തറയില്‍നിന്നാണ് ബിജെപി ഇതാ ഞങ്ങള്‍ അധികാരത്തിലേക്ക് എന്നു പറയുന്നത്. ആ പറച്ചിലിന് അതുകൊണ്ടുതന്നെ കരുത്ത് ഏറെയാണ്. 1934 സെപ്തംബര്‍ 17-ന് ജനിച്ച് 1995 ഏപ്രില്‍ 25-ന് അന്തരിച്ച കെ.ജി. മാരാര്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു. അദ്ദേഹം സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ച്, അസാധാരണ വ്യക്തിപ്രഭാവം നേടി. ഒരു എംഎല്‍എയ്‌ക്കോ മന്ത്രിയ്‌ക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ജനലക്ഷങ്ങളില്‍ ലഭിച്ചു. ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അതിനുവേണ്ടി നടന്നുവന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഷ്ട്രീയ രംഗത്ത് ഏറെ അപചയങ്ങള്‍ വന്നുപെട്ടിട്ടുള്ള ഇക്കാലത്ത് മാരാര്‍ജിയുടെ സ്മരണപോലും പൊതുപ്രവര്‍ത്തന രംഗത്തിന് ആശ്വാസം നല്‍കുന്നതാണ്. രാഷ്ട്രീയം വര്‍ഗീയതയ്ക്ക് വഴിമാറി നില്‍ക്കുന്ന കാലത്ത്, വര്‍ഗീയതയ്‌ക്കെതിരെ മാരാര്‍ജി നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമെന്ന് കൂടുതല്‍ സുവ്യക്തമാകുന്നു. മുസ്ലിംലീഗിനുമുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്. ഈ രാഷ്ട്രീയ സ്ഥിതിവിശേഷം മാരാര്‍ജി എത്രയോ കാലംമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു! വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി. മാരാര്‍ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവര്‍ നന്നെ ചുരുങ്ങും. ആരാധകര്‍ ചുരുക്കമായ ഒരമ്പലത്തിലെ കഴകത്തിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി, അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസംവരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കള്‍ക്ക് വഴിതെളിക്കാന്‍ ഉപയോഗിച്ചു. മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആര്‍എസ്എസ് പ്രചാരകനായിട്ടാണ്. 1956ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം. പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ത്ഥത്തിലും ശരിയാണ്. മാര്‍ക്‌സിസ്റ്റ് ഈറ്റില്ലങ്ങളും ശക്തിദുര്‍ഗങ്ങളുമായി അറിയപ്പെട്ടിരുന്നതും മറ്റു രാഷ്ട്രീയ കക്ഷികള്‍ കടന്നുചെല്ലാന്‍ ഭയന്നിരുന്നതുമായ എത്രയെത്ര ഗ്രാമങ്ങളിലാണ് വശ്യമായ പുഞ്ചിരിയും വാചോവിലാസവുമായി കടന്നുചെന്ന് അവിടത്തെ ജനങ്ങളെ ആകര്‍ഷിച്ചത്. അധികം താമസിയാതെ ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്ക്കുശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും നിയുക്തനായി. ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കൃതമായശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദ്യമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടിലും അതിഥിയായിരുന്നില്ല, കുടുംബാംഗമായിത്തന്നെ വീട്ടുകാര്‍ കരുതിപ്പോന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് ലഭിച്ച സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്. സ്വാര്‍ത്ഥലേശം പുരളാത്തതായിരുന്നു വ്യക്തിത്വം. സ്വന്തമായി ഒരു തുണ്ടുഭൂമി സമ്പാദിക്കാനോ ബാങ്ക് ബാലന്‍സുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല. നാറാത്ത് ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് വിദ്യാഭ്യാസകാലം കഴിച്ചത്. പീടികത്തിണ്ണയായാലും റെയില്‍വേ പ്ലാറ്റ്‌ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കാര്യാലയങ്ങളായാലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്ന നേതാവാണ് മാരാര്‍ജി. വളരെ പെട്ടെന്നുതന്നെ ജനസംഘത്തിന്റെ അനിവാര്യ ഘടകമായി. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അടിയന്തരാവസ്ഥ വന്നത്. പൗരാവകാശത്തിനുവേണ്ടി ജയില്‍വാസവും അനുഷ്ഠിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയിലെത്തിയതോടെ കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത വ്യക്തിത്വമായി. പ്രതിയോഗികള്‍ക്കുപോലും 'മാരാര്‍ജി'യായി. വയനാട്ടിലെ വനവാസികള്‍ക്കിടയില്‍ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാനും വംശനാശം നേരിട്ടുകൊണ്ടിരുന്ന വനവാസികളെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും കെ.ജി. മാരാര്‍ സഹിച്ച ത്യാഗവും നടത്തിയ പ്രവര്‍ത്തനവും അഭിമാനപൂര്‍വമാണ് ആദിവാസികള്‍ ഇന്നും ഓര്‍മിക്കുന്നത്. അവരോടൊപ്പം അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. 'വയനാട് ആദിവാസി സംഘം' എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കി. വനവാസികളുടെ അര്‍പ്പണ മനസ്സിനെ ചൂഷണം ചെയ്യാന്‍ നക്‌സലൈറ്റുകള്‍ ഏറെ ശ്രമിച്ചിരുന്നു. വനവാസികളുടെ പട്ടിണിയും അറിവില്ലായ്മയും മുതലെടുക്കാന്‍ കുടിയേറ്റ കൗശലക്കാര്‍ക്ക് കഴിഞ്ഞിരുന്നു. കള്ളും കഞ്ചാവും പുകയിലയും നല്‍കി കൃത്രിമരേഖകളുണ്ടാക്കി വനവാസികളുടെ ഭൂമി മാത്രമല്ല, മാനവും തട്ടിയെടുത്ത് ആട്ടിയോടിക്കുന്ന കാലത്താണ് കെ.ജി.മാരാര്‍ വയനാട്ടിലെത്തിയത്. തട്ടിയെടുത്ത് കൈവശപ്പെടുത്തിയ ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്ന ആവശ്യം ശക്തിപ്പെടുത്തി. ഇതിനായി നിരന്തരം സമരങ്ങളും സമ്മേളനങ്ങളും നടത്തി. ആശയപ്രചാരണം ലേഖനങ്ങളിലും ലഘുലേഖകളിലുംകൂടി നടത്തി. അതിന്റെയെല്ലാംകൂടി ഫലമായാണ് സംസ്ഥാന നിയമസഭ 1975 ല്‍ വനവാസി ഭൂമി തിരിച്ചുനല്‍കുന്നതിന് നിയമം പാസാക്കിയത്. ആ നിയമം നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. വനവാസി ഭൂമി തട്ടിയെടുത്ത പ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മരണംവരെ മാരാര്‍ ശബ്ദമുയര്‍ത്തി. കാട്ടില്‍ മാത്രമല്ല തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും മാരാര്‍ അനുഷ്ഠിച്ച ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം മാതൃകാപരമാണ്. അതിനായി ശക്തമായ സംഘടനയും സമരവുമുണ്ടായി. സസ്യാഹാരംമാത്രം കഴിക്കുന്ന മാരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉറ്റമിത്രവും വഴികാട്ടിയുമായി. മാരാര്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു യോഗത്തില്‍ തമാശയായി ഒരു നേതാവ് പറഞ്ഞതിനുത്തരം ഞൊടിയിടയില്‍ വന്നു: 'ദശാവതാരത്തിലൊന്നാമത്തേത് മത്സ്യമാണെന്നറിയില്ലേ?' ഏത് സാഹചര്യവുമായി ഇണങ്ങിച്ചേരാനും വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറാനും ജീവന്‍പോലും പരിത്യജിച്ച് സമാജസേവ നടത്താനും കെ.ജി. മാരാര്‍ക്ക് ആവേശവും ആശ്വാസവും നല്‍കിയത് സംഘശിക്ഷണമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നിരവധി തവണ മത്സരിച്ചു. തോല്‍ക്കുമെന്നുറപ്പായ തെരഞ്ഞെടുപ്പുകളായിട്ടും ഒരിക്കലും ആലസ്യവും അലംഭാവവും പ്രകടിപ്പിച്ചിരുന്നില്ല. കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ വിദൂര സാധ്യതപോലുമില്ലാ എന്ന് സര്‍വരും കരുതുമ്പോള്‍ മാരാര്‍ജി ആഗ്രഹിച്ച, പ്രവചിച്ച രീതിയില്‍ തന്റെ സ്വന്തം പ്രസ്ഥാനം അതിശക്തമായ ജനപിന്തുണയോടെയാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. പന്ത്രണ്ടോളം വലിയ സംസ്ഥാനത്തിലും ബിജെപി ഭരിക്കുന്നു. ലോകത്തിലെ തന്നെ ഏററവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു ബിജെപി. മാരാര്‍ജിയുടെ ആത്മാവ് ഇതുകണ്ട് ആഹ്ലാദിക്കണമെങ്കില്‍ തന്റെ കര്‍മ്മക്ഷേത്രമായ കേരളം കരകയറണം. കേരളം ഇന്ന് നാണക്കേടിന്റെ പടുകുഴിയിലാണ്. നഗരസഭയായാലും നിയമസഭയായാലും അശ്ലീലങ്ങളുടെ വിളഭൂമിയായി. കടിയും കയറിപിടുത്തവുമെല്ലാം സഭാതലത്തില്‍ ആഘോഷമാക്കുന്നു. അഴിമതിയാണെങ്കില്‍ അലങ്കാരവുമാക്കി. കോടികള്‍ കോഴവാങ്ങുന്ന മന്ത്രിമാരുടെ പട്ടിക പുറത്തുവരുന്നു. അവരത് അലങ്കാരമാക്കുന്നു, ചിലര്‍ അഹങ്കാരവും. കോണ്‍ഗ്രസുകാര്‍ എ-ഐ ഗ്രൂപ്പുകളായി തമ്മില്‍ തല്ലുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, അവര്‍ പക്ഷേ കാര്യം കാണാന്‍ ഒന്നാകുമെന്ന്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, ഒരിക്കല്‍ ഇവര്‍ ഒന്നിയ്ക്കുമെന്ന്. ബിജെപിയെ പരാജയപ്പെടുത്താന്‍, മാരാര്‍ജിയെ മഞ്ചേശ്വരത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചതും വോട്ടുമറിച്ചതും പകല്‍പോലെ വ്യക്തമായിരുന്നു. മാരാര്‍ജിയുടെ വിജയം വെറും ആയിരം വോട്ടുകള്‍ക്കകലെവരെ എത്തിയിരുന്നു. അന്ന് അദ്ദേഹം പ്രവചിച്ചു, അധികം വൈകില്ല, ഇവര്‍ ബിജെപിയ്‌ക്കെതിരേ ഒരു മുന്നണിയാകാനെന്ന്. ബിജെപിക്ക് കേരളത്തിലും മുന്നണിയാകാന്‍ പിന്തുണയുണ്ടാകുമെന്നും മാരാര്‍ജി പറഞ്ഞു. രണ്ടും സംഭവിച്ചു. കേരളത്തിലും ബിജെപിയുടെ ഭരണം വരുമെന്ന് മാരാര്‍ജി പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അതിനുള്ള അവസരം ഏറ്റവും അനുയോജ്യമായിരിയ്‌ക്കെ സര്‍ഗ്ഗീയ മാരാര്‍ജിയുടെ 21-ാം വാര്‍ഷിക അനുസ്മരണ ദിനത്തില്‍, ആ പ്രിയംകരനായ നേതാവിന്റെ സ്വപ്‌നപൂര്‍ത്തിയ്ക്ക് പുനരര്‍പ്പിക്കുന്നുവെന്നതാകണം ഓരോ പ്രവര്‍ത്തകന്റേയും ഇന്നത്തെ പ്രതിജ്ഞ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.