എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഈയാഴ്ച

Sunday 24 April 2016 10:53 pm IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഈയാഴ്ച നടക്കും. ബുധനാഴ്ച ഫലപ്രഖ്യാപനം നടത്താനാണ് ആലോചന. ഫലം വിലയിരുത്തി അംഗീകാരം നല്‍കാനും ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാനുമായി പരീക്ഷാബോര്‍ഡ് ഇന്ന് യോഗം ചേരും. മാര്‍ക്കുകളുടെ പരിശോധന പൂര്‍ത്തിയായെങ്കിലും കഴിഞ്ഞതവണത്തെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടാംവട്ട പരിശോധന നടക്കുകയാണ്. പിഴവുകളുണ്ടാവാതിരിക്കാന്‍ വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ക്കുകളും വിജയശതമാനവും പരിശോധിച്ച് ബോര്‍ഡ് അന്തിമഫലത്തിന് അംഗീകാരം നല്‍കും. മാറ്റങ്ങള്‍ വരുത്താനുള്ള അധികാരവും പരീക്ഷാബോര്‍ഡിനാണ്. കുറ്റമറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ അറിയിച്ചു. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കു ഫലം അറിയാന്‍ വിപുല സംവിധാനം ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ എസ്എംഎസ് ആയി ഫലം ലഭിക്കും. ITSREG NO 9645221221 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചും ഫലം അറിയാം. സഫലം 2016 എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഓരോ വിദ്യാര്‍ഥിയുടെയും ഫലത്തിനു പുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനവും ഓരോ വിഷയത്തിന്റെയും റിസല്‍റ്റ് അപഗ്രഥനവും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉണ്ടാകും. അനധികൃതവും വ്യാജവുമായ പോര്‍ട്ടലുകളില്‍ വിദ്യാര്‍ത്ഥികള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും ഔദ്യോഗിക പോര്‍ട്ടലുകളെ മാത്രമേ ആശ്രയിക്കാവുവെന്നും ഐടി@സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സഫലം 2016 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിനു വിദ്യാഭ്യാസമന്ത്രി ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.