ഉപതെരഞ്ഞെടുപ്പിന്റെ തുടര്‍കഥക്ക് കളമൊരുക്കി നെയ്യാറ്റിന്‍കരയില്‍ ബിജെപിയുടെ മുന്നേറ്റം

Sunday 24 April 2016 11:34 pm IST

നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പിലെ തുടര്‍ക്കഥയ്ക്ക് കളമൊരുക്കി നെയ്യാറ്റിന്‍കരയില്‍ ബിജെപിയുടെ മുന്നേറ്റം. അഞ്ച് വര്‍ഷത്തിനുള്ളില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മുന്ന് തെരഞ്ഞെടുപ്പുകളെ നേരിട്ട നെയ്യാറ്റിന്‍കര വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. പിറവത്ത് ടി.എം. ജേക്കബിന്റെയും അരുവിക്കരയില്‍ കാര്‍ത്തികേയന്റെയും മരണത്തെതുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നതെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മില്‍ നിന്നും എംഎല്‍എ ആര്‍. ശെല്‍വരാജ് കളം മാറിയതിനെതുടര്‍ന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ്. ശെല്‍വരാജ് ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. എന്നാല്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതായിരുന്നു നെയ്യാറ്റിന്‍കരയിലെ ഉപ തെരഞ്ഞെടുപ്പ്. ഇടതു വലതു മുന്നണികളെ അങ്കലാപ്പിലാക്കിയതും നെയ്യാറ്റിന്‍കരയിലെ ബിജെപിക്കുണ്ടായ മുന്നേറ്റമായിരുന്നു. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 6730 വോട്ട് ലഭിച്ച ബിജെപിക്ക് തൊട്ടടുത്ത ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നാലിരട്ടിയാക്കാന്‍ സാധിച്ചു. ബിജെപിയിലെ ഒ. രാജഗോപാല്‍ 30507 വേട്ട് നേടി വന്‍കുതിച്ചു ചാട്ടമാണ് ഇവിടെ നടത്തിയത്. അതിനുശേഷം നടന്ന 2016ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ദ്ധിപ്പിക്കുകയും നെയ്യാറ്റിന്‍കര നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ വിജയിക്കുകയും മറ്റ് അഞ്ച് പഞ്ചായത്തുകളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പുകളിലും തുടര്‍ച്ചയായി നെയ്യാറ്റിന്‍കരയില്‍ ബിജെപിക്കുണ്ടായ വളര്‍ച്ചയില്‍ ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ട്. ബിജെപിക്കുണ്ടായ വോട്ട് വര്‍ദ്ധനവിന്റെ തുടര്‍ക്കഥയാണ് ഈ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം. ചുമരെഴുത്തിലൂടെയും ഫഌക്‌സ് ബോര്‍ഡിലൂടെയും വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും ബിജെപി സ്ഥാനാര്‍ത്ഥി ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്റെ കേരളം എന്ന വ്യത്യസ്ഥത നിറഞ്ഞ വികസന ചര്‍ച്ചയിലൂടെ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസന ചര്‍ച്ചകള്‍ നടത്തിയാണ് പുഞ്ചക്കരി സുരേന്ദ്രന്‍ പ്രചാരണ രംഗത്ത് നില്‍ക്കുന്നത്. ഒന്നാംഘട്ട പ്രചാരണം അവസാനിക്കുമ്പോള്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് മണ്ഡലമൊട്ടാകെ നടത്തിയിരിക്കുന്നത്. കുടുംബയോഗങ്ങള്‍ ബൂത്ത്തല കണ്‍വെന്‍ഷനുകള്‍ തുടങ്ങിയ പ്രചാരണങ്ങളുമായി രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നുകഴിഞ്ഞു പുഞ്ചക്കരി സുരേന്ദ്രന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.