മമത മന്‍മോഹനെതിരെ

Monday 30 January 2012 11:35 pm IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രിപ്രണബ്‌ മുഖര്‍ജിയും പാലിക്കുന്നില്ലെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനത്തെ സഹായിക്കാമെന്ന്‌ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം യാതൊന്നും ചെയ്തിട്ടില്ലെന്ന്‌ മമത കുറ്റപ്പെടുത്തി. വിലക്കയറ്റം, ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം, ലോക്പാല്‍ ബില്‍ എന്നീ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന മമത ഒരിക്കല്‍ കൂടി എതിര്‍പ്പുയര്‍ത്തുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പ്രണബ്‌ മുഖര്‍ജി തങ്ങളുമായി അഞ്ച്‌ തവണ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും ഇവയൊക്കെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും തലക്കെട്ടുകള്‍ പിടിച്ചുപറ്റിയതാണെന്നും പറഞ്ഞ മമത വാക്കുപാലിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. "യാചിക്കാന്‍ ഞാന്‍ ഒരുക്കമല്ല. അവര്‍ എന്തെങ്കിലും ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അല്ലാത്തപക്ഷം ബംഗാളിലെ ജനങ്ങള്‍ ചിലത്‌ ചെയ്യാന്‍ നിര്‍ബന്ധിതരാവും. യഥാര്‍ത്ഥത്തില്‍ അവര്‍ സുഹൃത്തുക്കളാണ്‌. അതിനാലാണ്‌ ഞാന്‍ കൂടുതല്‍ പറയാത്തത്‌", കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനുമുള്ള മുന്നറിയിപ്പിന്റെ സ്വരത്തില്‍ മമത പറഞ്ഞു. സിംഗൂര്‍ സമരത്തില്‍ കോണ്‍ഗ്രസ്‌ സഹകരിക്കാതിരുന്നത്‌ മമത ചൂണ്ടിക്കാട്ടി. സിംഗൂരില്‍ താന്‍ ഉപവാസം നടത്തുമ്പോള്‍ കോണ്‍ഗ്രസ്‌ എവിടെയായിരുന്നുവെന്ന്‌ മമത ചോദിച്ചു. "26 ദിവസമാണ്‌ ഞാന്‍ ഉപവാസം നടത്തിയത്‌. ആ സമയത്ത്‌ കൊല്‍ക്കത്തയില്‍ വന്ന പ്രധാനമന്ത്രി മന്‍മോഹന്‍ എന്നെ കാണാന്‍ കൂട്ടാക്കിയില്ല. സിപിഎമ്മിനെ പിണക്കാതിരിക്കാനായിരുന്നു ഇത്‌", മമത പറഞ്ഞു. നിരാഹാരസമരകാലത്ത്‌ സഹായം തേടി താന്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഫോണ്‍ വിഛേദിക്കുകയായിരുന്നുവെന്നും മമത വെളിപ്പെടുത്തി. സിപിഎം നേതൃത്വത്തിന്‌ ദേഷ്യം വരും എന്നാണ്‌ കാരണം പറഞ്ഞത്‌. നന്ദിഗ്രാമില്‍ സമരം നടത്തുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ബംഗാളിലെ ജനങ്ങള്‍ക്ക്‌ കോണ്‍ഗ്രസിനെ നന്നായി അറിയാവുന്നതുകൊണ്ട്‌ അധികം പറയുന്നില്ലെന്ന്‌ മമത പരിഹസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.