ഗുരുകടാക്ഷം വാങ്ങി കൃഷ്ണദാസ് പത്രിക സമർപ്പിച്ചു

Monday 25 April 2016 8:46 pm IST

കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണദാസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍

തിരുവനന്തപുരം: മലയിൻകീഴ് തിരുവല്ലാഴപ്പനെ നിർമ്മാല്യം തൊഴുത് നവോത്ഥാന നായകരെ വന്ദിച്ച് ഗുരുകടാക്ഷവും വാങ്ങി കാട്ടാക്കട മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണദാസ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. പുലർച്ചെ മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിയ പി.കെ. കൃഷ്ണദാസ് നിർമ്മാല്യ ദർശനത്തിനു ശേഷം കാട്ടാക്കടയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ എത്തി.

അവിടെ മന്നത്ത് പത്മനാഭൻ, ശ്രീനാരായണ ഗുരുദേവൻ, അയ്യാഗുരുസ്വാമി, പണ്ഡിറ്റ് കറുപ്പൻ, ഡോ. അംബേദ്ക്കർ, കെ.ജി. മാരാർ തുടങ്ങിയ യുഗപ്രഭാവന്മാരുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. മാരാർജി സ്മൃതി ദിനമായതിനാൽ കാര്യാലയത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും കൃഷ്ണദാസ് പങ്കെടുത്തു.

വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ എത്തിയ കൃഷ്ണദാസ് അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം വരണാധികാരി ജില്ലാവ്യവ്യസായ കേന്ദ്രം ജനറൽ മാനേജർ പി.എസ്. സുരേഷ്‌കുമാർ മുമ്പാകെ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ സമിതി അംഗം എം.എസ്. കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സമിതി അംഗം ജി. വേണുഗോപാലൻനായർ, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ബിഡിജെഎസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജയൻപണിക്കർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

നാമനിർദ്ദേശപത്രികയോടൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ വിവിധ ബാങ്കുകളിലായി 5,20,560 രൂപ കൃഷ്ണദാസിന് നിക്ഷേപമായിട്ടുണ്ട്. ആറ് ഗ്രാം തൂക്കമുള്ള സ്വർണ്ണമോതിരം കൈവശം ഉണ്ട്. തലശ്ശേരിയിൽ 8.21 സെന്റ് വസ്തുവിനും വീടിനുമായി 15 ലക്ഷം രുപ മതിപ്പ് വിലയും കണക്കാക്കുന്നു. ഭാര്യയുടെ പേരിൽ ഒന്നേകാൽ ഏക്കർ കുടുംബ ഓഹരി ഇനത്തിൽ കിട്ടിയ വസ്തുവും അമ്പതു ഗ്രാം സ്വർണ്ണവുമുണ്ട്. രണ്ട് മക്കളുടെ പേരിലായി 27600 രൂപയും നിക്ഷേപമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.