കുട്ടനാട്ടിലെ ഒത്തുതീര്‍പ്പ് വെളിപ്പെട്ടു

Tuesday 26 April 2016 1:07 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രഹാം എന്‍സിപിയില്‍ ചേരാന്‍ സമീപിച്ചിരുന്നെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ തോമസ്ചാണ്ടി വെളിപ്പെടുത്തല്‍ നടത്തിയത്. ജേക്കബ് എബ്രഹാം എന്‍സിപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ച് നേരത്തെ തന്നെ സമീപിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവുമാണ് ഉപാധിവച്ചതെന്നും തോമസ് ചാണ്ടി പറയുന്നു. പിണറായിവിജയന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു ചാണ്ടിയുടെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫില്‍ ചേക്കേറാന്‍ തയ്യാറെടുത്തിരുന്ന നേതാവ് മാസങ്ങള്‍ക്കകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ കുട്ടനാട്ടിലെ ഇടതു വലതു സ്ഥാനാര്‍ത്ഥികളുടെ മത്സരം രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് ആക്ഷേപമുയരുന്നത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ഡോ. കെ.സി. ജോസഫ് പാര്‍ട്ടി വിട്ട് ചങ്ങനാശേരിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് ജേക്കബ് എബ്രഹാമിന് കുട്ടനാട്ടില്‍ മത്സരിക്കാന്‍ നറുക്ക് വീണത്. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും മാണി കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ തയ്യാറായില്ല. അതിനിടെ കേരളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജോസ് കോയിപ്പള്ളി റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തി. കുട്ടനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിന്റെ കൂടുതല്‍ അണിയറക്കഥകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ബിഡിജെഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി സുഭാഷ് വാസുവാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇരു മുന്നണികളെയും സുഭാഷ് വാസു ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.