റബ്ബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

Monday 25 April 2016 10:08 pm IST

പൊന്‍കുന്നം: റബ്ബര്‍ വിലയിലെ ഉണര്‍വ്വ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. വിലയിടിവ് പ്രതിസന്ധിയിലാക്കിയ റബ്ബര്‍കര്‍ഷകര്‍ക്ക് തെല്ലൊന്നുമല്ല ഈ വിലക്കയറ്റം ആശ്വാസം നല്‍കുന്നത്. റബ്ബര്‍ വില കുറഞ്ഞതോടെ ടാപ്പിംഗ് മിക്ക കര്‍ഷകരും നിര്‍ത്തിയിരുന്നു. മഴകൂടി അനുകൂലമായാല്‍ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. റബ്ബര്‍ബോര്‍ഡ് നല്‍കിയ നിരക്ക് പ്രകാരം ആര്‍എസ്എസ് നാല് ഇനം വില 143 രൂപയായി. കഴിഞ്ഞയാഴ്ച ഒരു ദിവസം മാത്രം നാലു രൂപയാണു കിലോഗ്രാമിനു വര്‍ധിച്ചത്. ഈ മാസം ഒന്നാം തീയതി വില 115 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ റബ്ബര്‍ വിലയുടെ ഉയര്‍ച്ചയ്ക്ക് ആനുപാതികമായാണ് ഇവിടെയും വില കയറുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതും റബ്ബര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. വിലയിടിവ് മൂലം ടാപ്പിംഗ് നിര്‍ത്തിയതുമൂലം റബ്ബര്‍ കാര്യമായി വിപണിയിലെത്താതായത് വില ഉയരാന്‍ ഒരു കാരണമാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും റബ്ബര്‍ വില കയറ്റത്തിന്റെ മറ്റൊരു കാരണമായി. ആര്‍എസ്എസ്5 റബ്ബറിന് ഫെബ്രുവരിയിലെ 87 രൂപയില്‍ നിന്നും ഇന്നലെ 140 രൂപയിലെത്തി. ലാറ്റക്‌സ് വിലയും ഉയര്‍ന്ന് 150 രൂപവരെ എത്തി. കഴിഞ്ഞയാഴ്ച ലാറ്റക്‌സ് 78.2 രൂപയില്‍ നിന്നും 110.95 രൂപയിലേക്കു കയറിയിരുന്നു. ഒട്ടുപാലിന്റെ വിലയിലും വര്‍ദ്ധനവ് ദൃശ്യമായി. 97 രൂപയ്ക്ക് വ്യാപാരികള്‍ ഒട്ടുപാല്‍ സംഭരിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ഈ വര്‍ഷം ഏറ്റവും താണവിലയായ 91 രൂപയില്‍ റബ്ബര്‍ വിലയെത്തിയത്. കിലോഗ്രാമിന് 248 രൂപവരെ ലഭിച്ചിരുന്നിടത്തുനിന്ന്, 2013 മുതലാണ് റബ്ബര്‍വില കുറഞ്ഞുതുടങ്ങിയത്. 2014-15ല്‍ 4,42,126 ലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്‌തെന്നാണു കണക്ക്. ഇത് സര്‍വകാല റെക്കോഡാണ്. റബ്ബറിന്റെ വിലയിടിവിന് പ്രധാന കാരണം വന്‍തോതിലുള്ള ഇറക്കുമതിയാണെന്ന് കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. യുപിഎ ഭരണകാലത്ത് ഏത് തുറമുഖത്തുകൂടിയും റബ്ബര്‍ ഇറക്കുമതി ചെയ്യാമെന്ന രീതിയായിരുന്നു. ഇത് തെരഞ്ഞെടുത്ത തുറമുഖത്തുകൂടി മാത്രമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി മാര്‍ക്കറ്റില്‍ ചലനങ്ങളുണ്ടാക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.