പി എഫ് നിക്ഷേപങ്ങള്‍ക്ക് 8.8 ശതമാനം പലിശ നല്‍കും: കേന്ദ്രസര്‍ക്കാര്‍

Monday 25 April 2016 10:19 pm IST

ന്യൂദല്‍ഹി: പിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.8 ശതമാനം പലിശനിരക്ക് നല്‍കുമെന്ന് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. ഇടക്കാല പലിശ നിരക്ക് 8.8 ശതമാനത്തില്‍ നിന്നും കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് പിഎഫില്‍ അംഗമായവര്‍ക്ക് ഉറപ്പുനല്‍കുന്നതായും മന്ത്രി പറഞ്ഞു. നേരത്തെ 2015-16ലേക്ക് പിഎഫ് പലിശനിരക്ക് 8.7 ആക്കി കേന്ദ്രധനമന്ത്രാലയം അംഗീകാരം നല്‍കിയ കാര്യം കേന്ദ്രതൊഴില്‍മന്ത്രി ലോക്‌സഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് പലിശനിരക്ക് 8.8 ആക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. നിലവില്‍ 8.75 ശതമാനമാണ് പിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. മുന്‍വര്‍ഷത്തേന് സമാനമായ 8.7 എന്ന നിരക്കാണ് 2015-16ലേക്കും ധനമന്ത്രാലയം നിര്‍ദ്ദേശിച്ചത്. എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിച്ച പ്രകാരം കേന്ദ്രതൊഴില്‍മന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശ 8.8 ശതമാനം പലിശ നല്‍കണമെന്നാണ്. 2013-14ല്‍ 8.25 ആയിരുന്ന പലിശ നിരക്ക് 2014-15ല്‍ 8.75 ആക്കി ഉയര്‍ത്തിയിരുന്നു. കേന്ദ്രധനമന്ത്രാലയം 8.7 ശതമാനം പലിശ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ചോദ്യത്തിന്റെ ഉത്തരമായാണ് കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്‌സഭയെ അറിയിച്ചത്. ഇക്കാര്യത്തില്‍ തൊഴില്‍മന്ത്രാലയം അന്തിമ തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ശുപാര്‍ശ ഇടക്കാല പലിശ നിരക്കായി 8.8 പ്രഖ്യാപിക്കണമെന്നായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സിബിടിയുടെ തീരുമാനത്തില്‍ ചെറിയ ഭേദഗതികള്‍ ധനമന്ത്രാലയം വരുത്തിയത്. നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിഎഫ് അംഗങ്ങള്‍ക്ക് പലിശ നിരക്ക് സ്വീകരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനം സ്വീകരിക്കുന്നതിനായി സിബിടി വീണ്ടും യോഗം ചേരുമെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു. 1952ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു. ഇപിഎഫ് നിയമത്തിന്റെ പരിധിയില്‍ 20 തൊഴിലാളികള്‍ക്ക് പകരം 10 തൊഴിലാളികള്‍ മതി എന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നതെന്ന് ബന്ദാരു ദത്താത്രേയ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. 2014-15 ലെ കണക്ക് പ്രകാരം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ഫണ്ടുകളുടെ ക്ലോസ്സിംഗ് ബാലന്‍സ് 6,34,174.33 കോടിരൂപയാണെന്ന് മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐ) തീരുമാനമനുസരിച്ച് ആരോഗ്യ പരിരക്ഷയുടെ ചെലവ് ഇഎസ്‌ഐ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും 7:1 എന്ന അനുപാതത്തിലാണ് വഹിക്കേണ്ടതെന്നും ബന്ദാരു ദത്താത്രേയ പറഞ്ഞു. കാലാകാലങ്ങളില്‍ പുതുക്കുന്ന നിശ്ചിത പരിധിയ്ക്ക് മുകളില്‍ വരുന്ന ചെലവ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഈ ഇനത്തിലെ കുടിശ്ശിക തീര്‍പ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയുടെയും ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറലിന്റെയും തലത്തില്‍നടപടികള്‍ കൈക്കൊണ്ട്‌വരികയാണെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.