എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തുടക്കം

Monday 25 April 2016 10:58 pm IST

തിരുവനന്തപുരം: എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തുടക്കം. ഇന്നലെ നടന്ന എന്‍ജിനീയറിങ് ഒന്നാം പേപ്പര്‍ ഫിസിക്‌സ് ആന്റ് കെമിസ്ട്രി പരീക്ഷയ്ക്ക് 87.57 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായി. അപേക്ഷിച്ചിരുന്ന 1,23,914 പേരില്‍ 1,08,513 പേര്‍ പരീക്ഷയെഴുതി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി.എസ്. മാവോജി തിരുവനന്തപുരത്തെ കേന്ദ്രമായ കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പില്‍ യാതൊരുവിധ പാകപ്പിഴകളുമുണ്ടായിട്ടില്ലെന്ന് കമ്മീഷണര്‍ അറിയിച്ചു. പ്രവേശന പരീക്ഷയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളിലും ട്രെയിനുകളിലും വിദ്യാര്‍ത്ഥികളുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് എന്‍ജിനീയറിങ് രണ്ടാം പേപ്പര്‍ മാത്തമാറ്റിക്‌സ് പരീക്ഷ നടക്കും. നാളെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം പേപ്പര്‍ ഫിസിക്‌സും കെമിസ്ട്രിയും വ്യാഴാഴ്ച രണ്ടാം പേപ്പര്‍ ബയോളജി പരീക്ഷയും നടക്കും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ആകെ 1,65,861 അപേക്ഷകരുള്ളതില്‍ 1,23,914 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും 1,26,186 പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയും എഴുതുന്നവരാണ്. പരീക്ഷാ നടത്തിപ്പിനായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 8000 ത്തോളം പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 2016-17 അധ്യയനവര്‍ഷത്തെ കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനം, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്‌കോറിനും യോഗ്യതാപരീക്ഷയില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും തുല്യപ്രാധാന്യം നല്‍കി തയ്യാറാക്കുന്ന എന്‍ജിനീയറിങ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.