ക്ഷേത്ര ഭൂമി കയ്യേറിയവര്‍ക്ക് വോട്ടില്ല: കെപിഎംഎസ്

Tuesday 26 April 2016 11:28 am IST

ഭൂമി കയ്യേറി ക്ഷേത്രോത്സവം തടസ്സപ്പെടുത്തിയില്‍ പ്രതിഷേധിച്ച് കെപിഎംഎസ്സിന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറി മനോജ് കുന്നത്തുകര ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തെങ്ങിലക്കടവ് ശ്രീമുത്തശ്ശിക്കാവ് ക്ഷേത്രം, കുറ്റിയോട്ട് ഭഗവതി മുത്തപ്പന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറിയവര്‍ക്കും കയ്യേറ്റത്തെ പിന്തുണച്ചവര്‍ക്കും വോട്ട് നല്‍കില്ലെന്ന് കെപിഎംഎസ്. ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണയും പ്രതീകാത്മക വെള്ളാട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെപിഎംഎസ് ജില്ലാ സെക്രട്ടറി മനോജ് കുന്നത്ത് കരയാണ് സംഘടനയുടെ നിലപാടറിയിച്ചത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും കയ്യേറ്റക്കാരെ പിന്തുണക്കുകയാണ്. ആവള കുട്ടോത്ത് കുറ്റിയോട്ട് ഭഗവതി മുത്തപ്പ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടന്നുവന്ന ഉത്സവം ഇത്തവണ മുടങ്ങി. മുത്തശ്ശിക്കാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ നാല്‍പ്പത്തൊന്നര വെള്ളാട്ട് നടക്കുമ്പോള്‍ കയ്യേറ്റക്കാര്‍ കല്ലെറിഞ്ഞ് അലങ്കോലപ്പെടുത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശ്മശാന ഭൂമികള്‍ കയ്യേറ്റം ചെയ്യപ്പെട്ടു. ആവള കുട്ടോത്ത് ഭൂമി കയ്യേറിയത് പേരാമ്പ്ര എംഎല്‍എയുടെ അടുത്ത ബന്ധുവാണ്. വാവാട് ശ്മശാന ഭൂമി കയ്യേറ്റത്തെ സ്ഥലം എംഎല്‍എ പിന്തുണക്കുകയായിരുന്നു. രാഷ്ട്രീയക്കാര്‍ ഈ സമുദായ അംഗങ്ങളെ വെറും വോട്ടുകുത്തി യന്ത്രങ്ങളായാണ് കാണുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ശരിയാക്കാം എന്നാണ് വാഗ്ദാനം. ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും. സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പൈതൃകമായി ലഭിച്ച കാവുകളും ശ്മശാന ഭൂമിയും കയ്യേറ്റം നടത്തുന്നത് അവസാനപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റിയോട്ട് ഭഗവതി മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. ബാബു, തെങ്ങിലക്കടവ് മുത്തശ്ശിക്കാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഷാജികുമാര്‍ പറക്കുന്നത്ത്, സി. കാളിദാസന്‍, മഹേഷ് ശാസ്ത്രി, പത്മാവതി കുറ്റിക്കാട്ടൂര്‍, പീതാംബരന്‍ പൂളക്കല്‍, കെ.പി. വേലായുധന്‍ എന്നിവര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. മുടങ്ങിയ ക്ഷേത്രോത്സവത്തെ പ്രതീകാത്മകമായി പുനരവതരിപ്പിച്ചുകൊണ്ട് മുത്തപ്പന്‍ വെള്ളാട്ട്, ദൈവത്തും വെള്ളാട്ട് എന്നിവ അരങ്ങേറി. അരിയന്‍ കുമ്മിണിയോട്ടുമ്മല്‍, പാണിയേടത്ത് കുഞ്ഞിരാമന്‍, ആലക്കാട്ട് കുമാരന്‍, ഗോവിന്ദന്‍ രയരോത്ത് കുന്നുമ്മല്‍, ബാലകൃഷ്ണന്‍, ടി.കെ. പ്രദീപന്‍ എന്നിവര്‍ ചേര്‍ന്നാണ് വെള്ളാട്ടങ്ങള്‍ അവതരിപ്പിച്ചത്.
നാമനിര്‍ദ്ദേശ പത്രിക നല്‍കാനായി ഇരു മുന്നണികളിലെയും ജനപ്രതിനിധികളും നേതാക്കളും കലക്ടറേറ്റിലെത്തിയെങ്കിലും ആരും സമരക്കാരെ തിരിഞ്ഞുനോക്കിയില്ല. ബിജെപി എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സമരക്കാരെ പിന്തുണ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.