ഭീകരവാദം ഉഭയകക്ഷി ബന്ധം ഉലയ്ക്കുന്നു: ഭാരതം

Tuesday 26 April 2016 11:31 pm IST

ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഉലയ്ക്കുന്നത് ഭീകരവാദമാണെന്ന് കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പാക്കിസ്ഥാനെ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യസെക്രട്ടറിമാര്‍ തമ്മില്‍ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരവാദം ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ പാക്കിസ്ഥാന്‍ കാശ്മീര്‍ വിഷയം ഉന്നയിക്കാനാണ് ശ്രമിച്ചത്. ഭാരത-പാക്-അഫ്ഗാനിസ്ഥാന്‍ വിദേശകാര്യസെക്രട്ടറിമാര്‍ പങ്കെടുത്ത ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പാക് വിദേശകാര്യസെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി ദല്‍ഹിയിലെത്തിയത്. ഭീകരവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന കാര്യം പാക്കിസ്ഥാന്‍ സമ്മതിക്കണമെന്ന് ചര്‍ച്ചയില്‍ എസ്. ജയശങ്കര്‍ ഉന്നയിച്ചു. പത്താന്‍കോട്ടെ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇരുവിദേശകാര്യ സെക്രട്ടറിമാരും ചര്‍ച്ച നടത്തിയത്. പത്താന്‍കോട്ടില്‍ ആക്രമണത്തിന് കാരണക്കാരായ ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രധാന പ്രശ്‌നം കശ്മീരാണെന്ന് ചൗധരി പറഞ്ഞു. പാക്കിസ്ഥാനില്‍ ഭാരതം ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന വാദത്തെ കേന്ദ്രവിദേശകാര്യസെക്രട്ടറി തള്ളിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും വിസയുമായി റോ ഉദ്യോഗസ്ഥര്‍ ബലൂചിസ്ഥാനില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന കഥ ആരുവിശ്വസിക്കുമെന്ന് ഭാരതം പാക്കിസ്ഥാനോട് ചോദിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.