ചിരിക്കണം ഈ നാട്........ കാണണം ഈ കോപ്രായം......

Tuesday 26 April 2016 7:43 pm IST

മാന്നാര്‍: തെരെഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ ആരും ചിരിക്കവാന്‍ പഠിപ്പിക്കേണ്ട കാര്യമില്ല.അറിയാവുന്നവര്‍, യാതൊരു പരിചയമില്ലാത്തവര്‍, ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ എന്ന് വേണ്ട ആരെ കണ്ടാലും സ്ഥാനാര്‍ത്ഥികള്‍ ചിരിക്കും. ചിരിക്കുക മാത്രമല്ല അതിവിനയവും കുനിഞ്ഞ് അനുഗ്രഹം വാങ്ങുകയും ചെയ്യും. ഇത് സാധാരണമാണ് എന്നാല്‍ യുഡിഎഫിന്റെ അണികകളില്‍ പലര്‍ക്കും ചിരിയില്‍ വേണ്ടത്ര അറിവില്ലെന്ന് കെപിസിസി നേതൃത്വത്തിന് അടുത്ത നാളിലാണ് മനസ്സിലായത്. പലര്‍ക്കും പലരീതിയില്‍ ക്ലാസുകള്‍ എടുത്തുശീലമുള്ളവരാണല്ലോ കെപിസിസി. പക്ഷേ എന്തുചെയ്യാനാ പുതിയ അണികള്‍ക്കും പുതിയപ്രാദേശിക നേതാക്കള്‍ക്കും ചിരിക്കാന്‍ അറിയില്ലപോലും. സൂര്യതപത്തിന്റെ പേരില്‍ ഒന്നു ചിരിച്ചതിന്റെ അലയോലികള്‍ ഇപ്പോഴും ഉള്ളതുകൊണ്ടായിരിക്കാം അണികള്‍ മനസു തുറന്ന് ചിരിക്കാത്തത്. കെപിസിസിനേതാക്കന്മാര്‍ പറയുന്നത് ഇത്തരം ചിരിമാലകള്‍ ഇടയ്ക്കിടയ്ക്കുവന്നാലെ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റു എന്നാണ്. അതുകൊണ്ട് പഞ്ചായത്തുതലത്തിലും ബ്ലോക്ക് തലങ്ങളിലുമുള്ള നേതാക്കള്‍ക്ക് ചിരിക്കാനുള്ള പ്രത്യേക ക്ലാസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ കെപിസിസി. ക്ലാസുകള്‍ എടുക്കുന്നത് ചിരിച്ച് ഒരു വഴിക്കായ കോണ്‍ഗ്രസ് നേതാക്കളല്ല.മറിച്ച് ജേസിഐ പോലുള്ള അന്തര്‍ദേശിയ സംഘടനകളുടെ പ്രത്യേക പരിശീലകരാണ്. വോട്ടു ചോദിച്ച് ഒരോ വീടുകളിലും കടന്ന് ചെല്ലുമ്പോള്‍ എങ്ങനെ ചിരിക്കണം, വഴിയില്‍കണ്ട വോട്ടറോട് ഏതുതരത്തില്‍ ചിരിക്കണം, പ്രതിപക്ഷ പാര്‍ട്ടികളുടെ അണികള്‍ക്ക് നല്‍കേണ്ട ചിരി തുടങ്ങി ആറന്മുള സദ്യയിലെ വിഭവങ്ങള്‍ പോലെ 48 കൂട്ടം ചിരികളാണ് പാഠ്യവിഷയമാക്കിയിരിക്കുന്നത്. വളരാനും തുടരാനും ചിരിക്ക് കഴിയുമെന്ന് ഏതോ ജ്യോത്സ്യന്‍ പ്രവചിച്ചുപോലും, അഷ്ടമത്തിലെ ശനി ശക്തി പ്രാപിച്ചുപോലും അതിനുള്ള പരിഹാരമത്രേ ചിരി. സിപിഎം ചിരിയുടെ പ്രാധാന്യം കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തന്നെ മനസ്സിലാക്കിയിരുന്നു.അതിനാണത്രെ മുന്‍ പാര്‍ട്ടി സെക്രട്ടിക്ക് ചിരിക്ലാസ് ഏര്‍പ്പെടുത്തിയത് അതിന് ഫലം കണ്ടുതുടങ്ങിയെന്നാണ് ചിലരുടെ അഭിപ്രായം. എന്തായാലും ഇടതും വലതുകൂടി ഇപ്പോള്‍ ചിരിക്ക് ഒരു റിയാലിറ്റിഷോ സംഘടിപ്പിക്കുമെന്നാ തോന്നുന്നത്, ഇനിയുള്ള ദിവസങ്ങളില്‍ നേതാക്കന്മാരുടെ ചിരിപഠനം കണ്ട് വോട്ടര്‍മാര്‍ക്ക് ചിരിയോ ചിരി..........

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.