കണ്ണൂരിലെ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍

Tuesday 26 April 2016 9:02 pm IST

  'സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാര്‍ നിയമം കൈയിലെടുക്കുന്നതും നീതി നിര്‍വ്വഹണത്തെ അട്ടിമറിക്കുന്നതും അനുവദിക്കാന്‍ സാധിക്കില്ല'... കണ്ണൂര്‍ ജില്ലയിലെ അരിയില്‍ പ്രദേശത്ത് എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ സിപിഎം കൂട്ടം അതി നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് ഈ പരാമര്‍ശം. ഇതുമാത്രം മതി കണ്ണൂര്‍ ജില്ലയില്‍ പതിറ്റാണ്ടുകളായി നേതൃത്വത്തിന്റെ ഒത്താശയോടെ സിപിഎം നടത്തുന്ന കിരാത വാഴ്ചയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍. സിപിഎം നേതൃത്വം പ്രതിസ്ഥാനത്തുള്ള കൊലപാതകക്കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ എത്രമാത്രം സമ്മര്‍ദ്ദം നേരിടുന്നുവെന്ന് കോടതിയുടെ ഈ കണ്ടെത്തലിലുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ രാഷ്ട്രീയ ഇടപെടല്‍ കാരണം വഴിമുട്ടിയ അന്വേഷണം ശരിയായി നടത്താനായില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിലും രൂക്ഷമായ പരാമര്‍ശമായിരുന്നു കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകക്കേസിന്റെ വിധി പ്രസ്താവിച്ച് കോടതി നടത്തിയത്. കേവലം കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ മാത്രമല്ല, കേസന്വേഷണത്തെ തങ്ങളുടെ മുഷ്‌കുപയോഗിച്ച് തടസ്സപ്പെടുത്താനും സ്വാധീനിക്കാനും അട്ടിമറിക്കാനും വരെ സിപിഎം നേതൃത്വത്തിന് വ്യക്തമായിട്ടറിയാം. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും പേപ്പട്ടിയെ തല്ലിക്കൊല്ലാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സ്വയം തിട്ടൂരമിറക്കിയ പാര്‍ട്ടിയാണ് സിപിഎം. സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാരെ എതിര്‍ക്കുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍ പോലും വെച്ച് പൊറുപ്പിക്കില്ലെന്ന കൃത്യമായ സന്ദേശം നല്‍കുന്ന കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റേത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ കണ്ണൂരിലുണ്ട്. അതില്‍ രാഷ്ട്രീയപരമോ മതപരമോ ആയ വേര്‍തിരിവില്ല. അനിഷ്ടരെ കൊലപ്പെടുത്താന്‍ നേതൃത്വം പച്ചക്കൊടി വീശിയാല്‍ കിരാതമായ രീതിയില്‍ കൊലനടത്താനുള്ള സ്ഥിരം കൂട്ടങ്ങള്‍ സിപിഎമ്മിനുണ്ട്. കൊല ആസൂത്രണം ചെയ്യുന്നത് ഒരു വിഭാഗം, നടപ്പാക്കുന്നത് മറ്റൊരു കൂട്ടര്‍, പ്രതികളായി പാര്‍ട്ടി നിശ്ചയിക്കുന്നത് വേറൊരു വിഭാഗം. ഇതാണ് സിപിഎം കാലങ്ങളായി നടപ്പാക്കുന്ന രീതി. യഥാര്‍ത്ഥ കൊലയാളികളോ ആസൂത്രകരോ ഒരിക്കലും നിയമത്തിന് മുന്നില്‍ വരാറില്ല. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം മുതലാണ് സിപിഎമ്മിന് ഈ അടവുകള്‍ പിഴച്ചു തുടങ്ങിയത്. അവിശ്വസനീയമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്രിമിനല്‍ നേതാക്കന്‍മാര്‍ നിയമത്തിന് മുന്നില്‍ വന്നപ്പോള്‍ പൊതുസമൂഹം അമ്പരപ്പോടെയാണ് അതിനെ കണ്ടത്. ഒരാളെ കൊല്ലുകയെന്നതിലുപരി ഓരോ കൊലപാതകത്തിലൂടെയും എതിരാളികള്‍ക്ക് കൃത്യമായ സന്ദേശം നല്‍കാനും സിപിഎം മറക്കാറില്ല. കൂത്തുപറമ്പില്‍ സത്യന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം തല അറുത്ത് മാറ്റി!! കൊല ചെയ്തശേഷം മൃതദേഹം വികൃതമാക്കുക, അവിടെത്തന്നെ ഭീഷണി സന്ദേശം എഴുതുക എന്നതും സിപിഎം രീതിയാണ്. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ടായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ചു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ക്ലസ്സ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ ഭീഷണി സന്ദേശം എഴുതിയതിന് ശേഷമാണ് സിപിഎം കൊലയാളിക്കൂട്ടം അവിടെയനിന്ന് പോയത്. സിപിഎമ്മിന്റെ അക്രമ പരമ്പരകളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട് ജീവച്ഛവമായി ജീവിക്കുന്നവരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങളുടെയും എണ്ണം നിരവധിയാണ്. അമ്മേ എന്ന വിളിയോടെ തന്റെ പൊന്നുമോന്‍ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ വഴിക്കണ്ണുമായി രാത്രി- പകല്‍ ഭേദമില്ലാതെ കാത്തിരിക്കുന്നവര്‍ അമ്മമാര്‍... ഉറക്കം നഷ്ടപ്പെട്ടവര്‍... എത്രയോ പേരുണ്ട്. സിപിഎമ്മില്‍ ചേര്‍ന്നില്ല എന്ന ഒറ്റക്കാരണത്താല്‍ അനാഥമാക്കപ്പെട്ടവര്‍. ''എന്റെ മകന്‍ നഷ്ടപ്പെട്ടതിന് ശേഷം ഒരു രാത്രിപോലും എനിക്ക് ഉറങ്ങാന്‍ സധിച്ചിട്ടില്ല... ഉമ്മേ എന്ന വിളിയോടെ എന്റെ മകന്‍ എന്റടുത്തേക്ക് ഓടി വരുന്നത് പോലെ എനിക്ക് തോന്നുന്നു. മുലപ്പാലിന്റെ മണം മായാത്ത എന്റെ മകനെ എന്തിനാണവര്‍ കൊന്നത്... '' ഷുക്കൂറിന്റെ ഉമ്മയുടെ ഹൃദയം തകര്‍ന്ന ഈ നിലവിളി മാത്രം മതി സിപിഎം കൊലക്കത്തിയ്ക്കിരയായവരുടെ ഉറ്റവരുടെ വേദനയറിയാന്‍. സമാധാനത്തിന് വേണ്ടി നാടിന്റെ നാനാഭാഗത്തുന്നിന്നുമുയരുന്ന നിലവിളിയെ അല്‍പം പോലും പരിഗണിക്കാതെ കൊലക്കത്തിയുമായി രക്തദാഹികളായ സഖാക്കള്‍ ഇപ്പോഴും ഊര് ചുറ്റുകയാണ്. ഒരു ദുഃസ്വപ്‌നം പോലെ നെഞ്ചില്‍ നെരിപ്പോടുമായി ഉറക്കമില്ലാത്ത രാത്രികളുമായി ജീവിക്കുന്ന നിരവധിപേരുണ്ട് കണ്ണൂരില്‍. അക്രമത്തിനിരയായിട്ടും പോലീസില്‍ ഒരു പരാതി പോലും കൊടുക്കാന്‍ സാധിക്കാത്തവര്‍, സിപിഎം അല്ലാത്തതിനാല്‍ നിരന്തരമായ പീഡനങ്ങളേറ്റുവാങ്ങി മാനസിക നില തെറ്റിയവര്‍, സിപിഎം കഠാര തനിയ്‌ക്കെതിരെയും ഉയരുമോയെന്ന് ഭയന്ന് ജീവിക്കുന്നവര്‍. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ എല്ലാം നിശ്ചയിക്കുന്നത് മാടമ്പികളായ നേതാക്കന്‍മാരാണ്. ഓരോ കൊലപാതകം നടക്കുമ്പോഴും ഇത് അവസാനത്തേതാകണമേയെന്ന പ്രാര്‍ത്ഥന വൃഥാവിലാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പേ സിപിഎമ്മുകാര്‍ തല്ലിക്കൊന്ന പാപ്പിനിശ്ശേരിയിലെ ആര്‍എസ്എസ് മുന്‍ മണ്ഡല്‍ കാര്യവാഹ് സുജിത്തിന്റെ കൊലപാതകം വ്യക്തമാക്കുന്നത് ഇടത് ഫാസിസ്റ്റുകളുടെ രക്തദാഹത്തിന് ഇനിയും അറുതിയായിട്ടില്ലെന്നാണ്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും മുന്‍ സംസ്ഥാന സെക്രട്ടറി പിണറായിയും, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും സംഘ സ്വയംസേവകരെ കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. സിപിഎമ്മിന്റെ ഉന്നത സ്ഥാനത്തെത്താന്‍ ക്രിമിനല്‍ക്കേസ് അടിസ്ഥാന യോഗ്യതയാണോയെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളില്‍ മിക്കവരും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. ജില്ലയില്‍ നടക്കുന്ന ഓരോ കൊലപാതകത്തിന് പിന്നിലും സിപിഎമ്മിന്റെ സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്‍മാരാണ്. ഇതില്‍ കിരീടം വെക്കാത്ത രാജാവായി നാല് പതിറ്റാണ്ട് കണ്ണൂര്‍ ജില്ലയില്‍ അരങ്ങുവാണ നേതാവാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അക്രമ രാഷ്ട്രീയത്തിന്റെ ഒരു നിര്‍വചനത്തിലും ഒതുങ്ങാത്ത രക്തദാഹിയായ നേതാവാണ് ജയരാജന്‍. കണ്ണൂര്‍ ജില്ലക്കകത്തും പുറത്തും കൊലപാതക പരമ്പരകള്‍ക്ക് നേതത്വം കൊടുത്ത സ്വയംപ്രഖ്യാപിത നാട്ടുരാജാവ് മാത്രമല്ല. കൊലയാളികളുടെ തമ്പുരാനാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജയരാജന്‍ അനാഥമാക്കിയ കുടുംബങ്ങളുടെ ദുരവസ്ഥ നാളെ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.