നീന്തല്‍ കുള നിര്‍മ്മാണ വിവാദം: കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ പരിശോധന നടത്തി

Tuesday 26 April 2016 8:59 pm IST

തിരുവല്ല: പുഷ്പഗിരി റോഡില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍കുളം സംസ്ഥാന കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. നിര്‍മാണത്തിലെ അപാകതള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ സംഘം സന്ദര്‍ശനം നടത്തിയത്. അപാകതകള്‍ പരിഹരിച്ച് നല്‍കിയാല്‍ മാത്രമേ കുളം ഏറ്റെടുക്കാന്‍ സാധിക്കൂ എന്ന നഗരസഭ അധികൃതരുടെ നിലപാടിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കുളത്തിലെ വെളളത്തിന്റെ അളവ് പരിശോധിച്ച സംഘം പൂളിന്റെ ഉപരിതലത്തിലാണ് ചോര്‍ച്ച എന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ചോര്‍ച്ച സംബന്ധിച്ച പരിശോധന നടത്തുന്നതിനായി പൂളില്‍ വെളളം നിറയ്ക്കുവാന്‍ നിര്‍മാണ കമ്പനിയോടും നഗരസഭ അധികൃതരോടും ആവശ്യപ്പെട്ടു. പൂളില്‍ വെളളം നിറയ്ക്കുന്നതിന് ആവശ്യമായ ചിലവ് നഗരസഭയും നിര്‍മാണ കമ്പനിയും തുല്യമായി വഹിക്കാമെന്ന് ഇരുകൂട്ടരും ഉറപ്പ് നല്‍കി. വെളളം നിറച്ച ശേഷം കുളത്തിന്റെ ഉപരിതലത്തില്‍ നടത്തുന്ന പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തി പരിഹാരം കാണാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന് മുന്നോടിയായി കായികവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് 3 വര്‍ഷം മുമ്പ് നഗരസഭ വിട്ടുനല്‍കിയ 65 സെന്റ് ഭൂമിയില്‍ കുളത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുളള ള്ളതാണ് കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പരിശീലനത്തിനായി കുളം വിട്ടുനല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് ഉദ്ഘാടനം വൈകിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരുമാസം മുമ്പ് കുളത്തില്‍ വെളളം നിറച്ചിരുന്നു. എന്നാല്‍ ജലം നിറച്ച് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ വെളളത്തിന്റെ അളവ് 18 സെന്റീ മീറ്റര്‍ താഴ്ന്നു. പൂളിന്റെ ചോര്‍ച്ച മൂലമാണ് ജലം കുറഞ്ഞതെന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ബാഷ്പീകരണമാണെന്ന് വരുത്തി തടിതപ്പാനായിരുന്നു കരാറുകാരുടെ ശ്രമം. നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് കുളത്തിന്റെ നടത്തിപ്പിനുളള ചുമതല. നിര്‍മാണം പുര്‍ത്തിയായി കമ്മിറ്റി ഏറ്റെടുത്തതിന് ശേഷം ജില്ലയിലെ സ്‌ക്കള്‍ൂ വിദ്യര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോച്ച്, ലൈഫ് ഗാഡ്, മോട്ടോര്‍ ഓപ്പറേറ്റര്‍ എന്നിവരെ കമ്മിറ്റി നിയോഗിക്കും. കേിറ്റ്‌കോ എന്‍ജിനീയര്‍ റെനി ഡിക്കോത്തോ, നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, സെക്രട്ടറി രഞ്ജി, അക്വാറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കോശി തോമസ്, ജില്ലാ ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. നീന്തല്‍കുളത്തിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.