പാര്‍ലമെന്റിലും താരമായി സുരേഷ്‌ഗോപി സത്യപ്രതിജ്ഞ വെള്ളിയാഴ്ച

Wednesday 27 April 2016 12:05 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിലും താരമായി സുരേഷ്‌ഗോപി മാറിയപ്പോള്‍ ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദര്‍ശകരും നിയുക്ത രാജ്യസഭാ എംപിക്കൊപ്പം ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആഘോഷമാക്കി. വെള്ളിയാഴ്ചയാണ് രാജ്യസഭയില്‍ സുരേഷ്‌ഗോപിയുടെ സത്യപ്രതിജ്ഞ. ഉച്ചയ്ക്ക് 1 മണിക്ക് സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്യസഭാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്നലെ പാര്‍ലമെന്റിലെത്തിയ സുരേഷ്‌ഗോപി സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച പ്രധാനമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് എന്നിവരെ കണ്ടശേഷം പാര്‍ലമെന്റിലെത്തി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചു. തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങള്‍ മിണ്ടാതെ സഹിക്കുകയായിരുന്നെന്നും എംപിയായി പ്രവര്‍ത്തിച്ച് കഴിവു തെളിയിക്കുമെന്നും അതിനു മുകളിലുള്ള സ്ഥാനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്നും സുരേഷ് ഗോപി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് അറിയിച്ചു. വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. നോമിനേറ്റഡ് എംപിക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കാമെന്ന സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനുള്ള സാധ്യത നേരത്തെ തന്നെ ആയിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് എടുക്കാന്‍ അനുവദിക്കുന്ന സമയത്ത് അതുണ്ടാകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗിനായി പാര്‍ലമെന്റിന്റെ പരിസരത്ത് എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാര്‍ലമെന്റിന്റെ അകത്ത് പ്രവേശിക്കുന്നത്. മുഖ്യപ്രവേശന കവാടത്തിന് മുന്നില്‍ തൊഴുത് പടികളില്‍ തൊട്ടു നമസ്‌ക്കരിച്ച ശേഷം അകത്തേക്ക് പ്രവേശിച്ച സുരേഷ്‌ഗോപി രാജ്യസഭാ സെക്രട്ടറി ജനറലിന്റെ ഓഫീസിലെത്തി സത്യപ്രതിജ്ഞാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ, പാര്‍ലമെന്റിലെ ബിജെപി ഓഫീസ് സിഇഒ എന്‍. വേണുഗോപാല്‍ എന്നിവര്‍ സുരേഷ്‌ഗോപിയെ സ്വീകരിച്ചു. പാര്‍ലമെന്റില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ നിയുക്ത എംപിയായ നടന് അഭിവാദ്യങ്ങളര്‍പ്പിച്ചു. തുടര്‍ന്ന് ആന്ധ്രാഭവനില്‍ ഉച്ചഭക്ഷണത്തിനെത്തിയ താരത്തെ മലയാളികളടക്കമുള്ളവര്‍ വളഞ്ഞു. ഫോട്ടോ സെഷനും മാധ്യമങ്ങളുടെ അഭിമുഖങ്ങളും അടക്കം അവിടെയും താരസാന്നിധ്യമറിയിച്ചാണ് സുരേഷ്‌ഗോപി മടങ്ങിയത്. രാജ്യസഭയിലേക്ക് നോമിനേറ്റഡ് അംഗങ്ങളായി തെരഞ്ഞെടുത്ത സുരേഷ്‌ഗോപി, നവജ്യോത്സിങ് സിദ്ദു എന്നിവര്‍ ഒഴികെയുള്ള മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ രാവിലെ നടന്നു. ഡോ. സുബ്രഹ്മണ്യംസ്വാമി, മേരി കോം, സ്വപന്‍ദാസ് ഗുപ്ത, നരേന്ദ്ര ജാദവ് എന്നിവര്‍ ഇന്നലെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.